v

കൊല്ലം : കൊവിഡ് രോഗി മരിച്ചെന്ന് തെറ്റായ സന്ദേശം നൽകിയ സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ആവശ്യപ്പെട്ടു. കൊവിഡ് നെഗറ്റീവായ വിവരം രോഗിയുടെ ബന്ധുക്കൾ കൃത്യസമയത്ത് ഫോണെടുക്കാത്തതിനാലാണ് അറിയിക്കാൻ വൈകിയത്. ഈ സാഹചര്യത്തിലാണ് ബന്ധുക്കളെ വിവരം അറിയിക്കുന്നതിനായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് നൽകിയത്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ വീട്ടമ്മ മരണപ്പെട്ടു എന്ന് തെറ്റായി വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് ഡി.സി.സി പ്രസിഡന്റ്, നിലമേൽ വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് ലൈവ് അടക്കമുള്ള സംഭവവികാസങ്ങളാണ് ജില്ലാ ആശുപത്രിയിൽ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസ് എന്നിവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.