vaat

തഴവ: ബാറുകളും ബെവ്കോ വിൽപ്പന ശാലകളും അടച്ചിട്ടതോടെ നാടെങ്ങും വ്യാജവാറ്റ് സംഘങ്ങൾ വ്യാപകമാണ്. സംഘടിതരായി വൻതോതിൽ വ്യാജവാറ്റ് നടത്തുന്ന സംഘങ്ങൾ പലയിടങ്ങളിലും ആക്രമണങ്ങൾക്ക് മുതിരുന്നുണ്ട്. വടിവാൾ ,നഞ്ചക്ക് തുടങ്ങിയ മാരക ആയുധങ്ങളാണ് ആക്രമണത്തിനായി സജ്ജീകരിച്ച് വെയ്ക്കുന്നത്. എന്നാൽ ഇവരെ പ്രതിരോധിക്കാൻ ആയുധങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് എക്സൈസ് സംഘം.

പ്രതിരോധത്തിന് ഫൈബർ സ്റ്റിക്ക് മാത്രം

ഒരു സ്റ്റേഷനിൽ എക്സൈസ് ഇൻസ്പക്ടർ ഒഴികെ താഴെയുള്ള സേനാംഗക്കൾക്ക് ഫൈബർ സ്റ്റിക്ക് മാത്രമാണ് ആയുധമായി നൽകിയിട്ടുള്ളത്. ഭൂരിഭാഗം റെയ്ഡുകൾക്കും എക്സൈസ് ഇൻസ്പക്ടർക്ക് എത്തുവാൻ കഴിയാറുമില്ല. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ,സർക്കിൾ ഓഫീസുകളിലായി 36 ജീവനക്കാരാണ് ആകെയുള്ളത്. വിവിധ അബ്കാരി കേസുകളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ,കൊല്ലം, കൊട്ടാരക്കര, ശാസ്താംകോട്ട കോടതികളിൽ പോകുന്നവരും ഓഫീസ് ജോലി ചെയ്യുന്നവരും കൂടാതെ നൈറ്റ് ഡ്യൂട്ടി ചെയ്തവരും ഒഴിച്ചാൽ റെയ്ഡുകൾക്ക് പോകാൻ നിലവിൽ പരിമിതമായ അംഗങ്ങൾ മാത്രമുള്ള അവസ്ഥയാണ്.

എക്സൈസ് സേനയേ നവീകരിക്കണം

നീണ്ടകര പാലം മുതൽ ഓച്ചിറ വരെയും അഴീക്കൽ മുതൽ തഴവ പാവുമ്പ വരെയുമുള്ള പ്രദേശങ്ങൾ കരുനാഗപ്പള്ളി എക്സൈസിന്റെയും പരിധിയിലാണ് . എന്നാൽ ചവറ കേന്ദ്രീരീകരിച്ച് ഒരു എക്സൈസ് ഓഫീസ് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനും പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.

പരിശീലന കാലത്ത് എക്സൈസിന് ആയുധ പരിശീലനം നൽകാറുണ്ടെങ്കിലും ജോലി ലഭിച്ചു കഴിഞ്ഞാൽ ടോർച്ചും വടിയും മാത്രം നൽകി ഒതുക്കി നിറുത്തുകയാണ് പതിവ്. വ്യാജവാറ്റ് സംഘങ്ങളും, മയക്ക് മരുന്ന് മാഫിയകളും ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ എക്സൈസ് സേനയേ നവീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.