സ്കൂളിലും മൈതാനത്തുമായി 853 കിടക്കകൾ
കൊല്ലം: ചവറ ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കെ.എം.എം.എൽ സജ്ജമാക്കിയ 604 ഓക്സിജൻ കിടക്കകളോടുകൂടിയ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ജില്ലാ ഭരണകൂടത്തിന് കൈമാറി. നേരത്തെ ക്ലാസ് മുറികളിൽ 249 ഓക്സിജൻ കിടക്കകളുള്ള കൊവിഡ് സെന്റർ സജ്ജമാക്കിയിരുന്നു. ഇതോടെ സ്കൂളിൽ കൊവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം 853 ആയി.
കിടക്കകൾ സജ്ജീകരിക്കുന്നതിനായി അഞ്ച് കോടിയോളം രൂപയാണ് കെ.എം.എം.എൽ ചെലവാക്കിയത്. കമ്പനിയിലെ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കിടക്കകളിൽ ഓക്സിജൻ ലഭ്യമാക്കുന്നത്. 700 മീറ്റർ ദൂരമാണ് ഓക്സിജൻ പ്ലാന്റും സ്കൂളും തമ്മിലുള്ളത്.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ്, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആസിഫ്, അസി. കളക്ടർ ഡോ. അരുൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ, യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടൻ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനിയർ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
മുടക്കമില്ലാതെ ഓക്സിജൻ
എല്ലാ കിടക്കകളിലും രോഗികളെത്തിയാൽ 10 മുതൽ 12 ടൺ വരെ ഓക്സിജൻ ചികിത്സാ കേന്ദ്രത്തിലേക്ക് വേണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയുടെ പ്ലാന്റിൽ നിന്ന് വൈദ്യുതി തടസമുണ്ടായാലും ഓക്സിജൻ മുടക്കമില്ലാതെ ആശുപത്രിയിലെത്തുമെന്ന് കെ.എം.എം.എൽ അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കമ്പനിയിലെ പഴയ ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിച്ച് 35 ടണ്ണോളം ഓക്സിജൻ പ്രതിദിനം ഉത്പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം തൊഴിലാളികളെയും കമ്പനി നിയമിച്ചു.
സഹായവുമായി രവിപിള്ള ഫൗണ്ടേഷൻ
ചവറ ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിലേക്ക് സഹായവുമായി രവിപിള്ള ഫൗണ്ടേഷനും. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സഹായം നൽകുന്നത്. 400 കസേര, 100 കിടക്കകൾ, 130 ബാക്ക്റെസ്റ്റ്, 8 റഫ്രിജറേറ്റർ, 15 വാഷിംഗ് മെഷീൻ, 15 ഇൻഡക്ഷൻ കുക്കർ, 8 വാട്ടർ ഡിസ്പെൻസർ, ഐ.ആർ തെർമ്മോമീറ്റർ, വിവിധ ബാറ്ററികൾ, റബർ മാറ്റ് എന്നിവയാണ് ഫൗണ്ടേഷൻ നൽകുന്നത്.
എല്ലാ കിടക്കകളിലും ഓക്സിജൻ ലഭ്യതയ്ക്ക് പുറമേ രോഗികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഇന്നലെ പ്രത്യേക പന്തലിൽ ഒരുക്കിയ കൊവിഡ് ചികിത്സാ കേന്ദ്രം ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഇത്തരം ഇടപെടൽ കെ.എം.എം.എല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണ്. ഇതുവരെയുള്ള എല്ലാ ചെലവുകളും കെ.എം.എം.എൽ സ്വന്തം നിലയിലാണ് വഹിച്ചത്. ജെ. ചന്ദ്രബോസ് (മാനേജിംഗ് ഡയറക്ടർ, കെ.എം.എം.എൽ)