ഇന്നലെ പിടികൂടിയത് 12 ലിറ്റർ ചാരായം, 445 ലിറ്റർ കോട
കൊല്ലം: ലോക്ക് ഡൗണിൽ വ്യാജവാറ്റ് വ്യാപകമായതോടെ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയതായി കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് അറിയിച്ചു. പരിശോധനയിൽ ഇന്നലെ മാത്രം വിവിധ സ്ഥലങ്ങളിൽ നിന്നായി 12 ലിറ്റർ ചാരായവും 445 ലിറ്റർ കോടയും പിടികൂടി. രണ്ടുപേർ അറസ്റ്റിലാവുകയും ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. നാല് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും സൂക്ഷിച്ചതിന് തൃക്കരുവ, നടുവിലച്ചേരി, കാഞ്ഞിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഉല്ലാസ് (40), 8 ലിറ്റർ ചാരായം വിലപ്പനക്കായി സൂക്ഷിച്ചതിന് പാരിപ്പള്ളി, മേമനക്കോണം ,പുതുവൽവിള വീട്ടിൽ ഷിബു (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 370 ലിറ്റർ കോട സൂക്ഷിച്ചതിന് കൊടുവിള, കോണുവിള തെക്കതിൽ, ഷൈജുവിനെതിരെ കേസെടുത്തു. ഇയാൾ ഒാടി രക്ഷപ്പെട്ടു.
ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2236 ലിറ്റർ കോട, 52.2 ലിറ്റർ ചാരായം, 16.250 ലിറ്റർ വൈൻ എന്നിവയാണ് പിടിച്ചെടുത്തത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, എക്‌സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ്ലാൽ, ഉണ്ണിക്കൃഷ്ണപിള്ള, നിർമലൻ തമ്പി, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, പ്രസാദ്, അഭിലാഷ്, വിഷ്ണു, നിതിൻ ജൂലിയൻ ക്രൂസ്, വിനേഷ് , അനിൽകുമാർ, അജീഷ് ബാബു, ഡ്രൈവർ നിതിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബീന എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വ്യാജവാറ്റ് ഉൾപ്പെടെയുള്ളവ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനുള്ള ഫോൺ: 9400069 439, 9400069 440.
70 ലിറ്റർ കോട പിടികൂടി
ചാത്തന്നൂർ: എക്സൈസ് ചാത്തന്നൂർ റേഞ്ച് നടത്തിയ റെയ്ഡിൽ 70 ലിറ്റർ കോട പിടിച്ചെടുത്തു. പാരിപ്പള്ളി കിഴക്കനേല പോങ്ങുവിള വീട്ടിൽ സനിലിനെതിരെ (30) കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി. മാത്യൂസ്, സി.ഇ.ഒമാരായ രാഹുൽരാജ്, ടി.ആർ. ജ്യോതി, ബിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 15 ലിറ്റർ കോടയുമായി യുവാവ് പിടിയിൽ കിഴക്കേക്കല്ലട: കിഴക്കേ കല്ലട പൊലീസ് നടത്തിയ റെയ്ഡിൽ താഴം ഭാഗത്ത് നിന്ന് 15 ലിറ്റർ കോടയുമായി യുവാവ് പിടിയിലായി. താഴം ബീനാലയത്തിൽ ബിനുവാണ് (31) അറസ്റ്റിലായത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.