sankara-pillai
വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ശങ്കരപ്പിള്ള

ചാത്തന്നൂർ: ബന്ധുക്കളിൽ നിന്ന് അകന്ന് വർഷങ്ങളായി തനിച്ച് താമസിച്ചിരുന്ന വയോധികനെ കാലിലെ വ്രണത്തിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ താഴം കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപ്പിള്ളയെയാണ് (65) ദുരിതാവസ്ഥയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഭക്ഷണവുമായെത്തിയ സുഹൃത്തായ ഓട്ടോഡ്രൈവറാണ് വിവരം പുറംലോകത്തെ അറിയിച്ചത്. തുടർന്ന് ചാത്തന്നൂർ പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരുമെത്തി പ്രഥമശുശ്രൂഷ നൽകിയ ശേഷം പരവൂർ നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പുറംലോകവുമായി ബന്ധമില്ലാത്ത നിലയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഇന്നലെ കണ്ടെത്തുമ്പോൾ കാലിലെ രണ്ടുവിരലുകൾ പുഴുവരിച്ച് മുറിഞ്ഞുമാറിയ നിലയിലായിരുന്നു. ശങ്കരപ്പിള്ള അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.