കൊല്ലം: വ്യാപാര മേഖലയിൽ അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ അവ്യക്തവും അപ്രായോഗികവുമാണെന്നും ഇതിന്റെ പേരിൽ നടക്കുന്ന പൊലീസ് നടപടികൾ അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തുണി, സ്വർണം, ചെരുപ്പ് കടകൾക്ക് ആഴ്ചയിൽ മൂന്ന്ദിവസം തുറന്നുപ്രവർത്തിക്കാൻ അനുവാദം നൽകിയിട്ട് വിവാഹക്ഷണക്കത്തുള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന നിർദ്ദേശം വ്യാപാരികളോടും ജനങ്ങളോടുമുള്ള അവഹേളനമാണ്. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും പ്രവർത്തിക്കാമെന്നിരിക്കെ കഴിഞ്ഞ ദിവസം ആയൂർ, പട്ടാഴി, കുണ്ടറ എന്നിവിടങ്ങളിൽ പൊലീസ് നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പഠനസാമഗ്രികൾ വിൽക്കുന്ന കടകൾക്ക് നേരെയും പൊലീസ് അതിക്രമങ്ങളുണ്ടായി.
വ്യാപാരികളെ സമൂഹമദ്ധ്യത്തിൽ സ്വാഭാവഹത്യ ചെയ്യുന്ന തരത്തിലുള്ള പൊലീസ് നടപടി അവസാനിപ്പിക്കുകയും വ്യക്തതയുള്ള ഉത്തരവിറക്കി കടക്കെണിയിലായ വ്യാപാരികളെ സംരക്ഷിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി ജി. ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു.