കരുനാഗപ്പള്ളി: തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന അനാഥനായ വയോധികനെ കൊവിഡ് മുക്തനായതിന് ശേഷം ഗാന്ധിഭവൻ ഏറ്റെടുത്തു. മൈനാഗപ്പള്ളി സ്വദേശിയായ ശശിധരൻപിള്ള(78)യെയാണ് ഉറ്റവരാരും സംരക്ഷിക്കാനില്ലാത്ത സാഹചര്യത്തിൽ ഗാന്ധിഭവൻ ഏറ്റെടുത്തത്.
വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടിയ ഇയാളെ പൊലീസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി ഫിഷറീസ് സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ആരോഗ്യപ്രവർത്തകരുടെ പ്രത്യേക സംരക്ഷണത്തിലായിരുന്നു. കൊവിഡ് മുക്തനായതിന് ശേഷം പ്രാഥമിക ചികിത്സാകേന്ദ്രത്തിന്റെ ചുമതലയുള്ള, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൂടിയായ ക്ലെനിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേലിനെ വിവരമറിയിച്ചു. ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗാന്ധിഭവനുമായി ബന്ധപ്പെട്ട് ഇയാളെ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ഡോ. ക്ലെനിൻ ഫ്രാൻസിസ്, വാർഡ് കൗൺസിലർ ബുഷ്റാബീവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അഡ്വ. രാജീവ് രാജധാനി, ഷാജഹാൻ രാജധാനി എന്നിവർ ചേർന്ന് ശശിധരൻപിള്ളയെ ഏറ്റെടുത്തു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഗാന്ധിഭവന്റെ നേതൃത്വത്തിൽ കരീപ്രയിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ ശരണാലയത്തിൽ ശശിധരൻപിള്ളയ്ക്ക് സംരക്ഷണവും പരിചരണവും നൽകുമെന്ന് അഡ്വ. സാം കെ. ഡാനിയൽ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവർ പറഞ്ഞു.