എഴുകോൺ: ഒടുവിൽ ആഫ്രിക്കൻ ഒച്ചിനെ തുരത്താനുള്ള കെണികളൊരുക്കി എഴുകോൺ നിവാസികൾ കാത്തിരിക്കുകയാണ്. ഒച്ച് ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഒച്ച് കെണികൾ സ്ഥാപിച്ചു. 25 മൺചട്ടിക്കെണിയും 25 ചണചാക്ക് കെണിയുമായി 50 ഇടങ്ങളിലായാണ് കെണികൾ സ്ഥാപിച്ചത്.
മൺചട്ടിക്കെണി
അര കിലോ ഗ്രാം ഗോതമ്പ് മാവ്, 200 ഗ്രാം ശർക്കര, 5 ഗ്രാം ഈസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുഴച്ച് പരന്ന പാത്രത്തിലോ മൺചട്ടിയിലോ വയ്ക്കും . തുരിശ് ഉള്ളിൽ ചെല്ലുന്ന ഒച്ചുകൾ തനിയെ ചത്തൊടുങ്ങും.
ചണചാക്ക് കെണി.
നനഞ്ഞ ചണചാക്കിൽ കപ്പ ഇല, തണ്ട്, കാബേജ് ഇല, ശർക്കര എന്നിവ വിതറി ഒച്ചുകളെ ആകർഷിക്കും. ഇലകൾ ഭക്ഷിക്കാൻ എത്തുന്ന ഓച്ചുകളെ ഉപ്പ്, തുരിശ് എന്നിവ ഏതെങ്കിലും വിതറി കൊല്ലും.
ഒച്ച് നിവാരണ വാരം
കൃഷി വകുപ്പ് ആണ് ഒച്ച് നിർമാർജ്ജന നടപടികൾക്ക് നേതൃത്വം നൽകുന്നത്. കാർഷിക കർമസേന അംഗങ്ങൾ നിവാരണ പ്രവർത്തനങ്ങൾ നടത്തും. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിച്ച കെണികളുടെ വിജയ സാദ്ധ്യത മനസിലാക്കി ഒച്ച് നിവാരണ വാരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ പറഞ്ഞു.