പുത്തൂർ: പത്ര ഏജന്റുമാർക്ക് ബുദ്ധിമുട്ടായി പുത്തൂർ ടൗണിൽ തെരുവ് നായശല്യം. തെരുവ് നായകളുടെ ആക്രമണം മിക്ക ദിവസങ്ങളിലും ഉണ്ടാകുന്നെന്ന് പരാതി. പുത്തൂർ ടൗണിലും പരിസരങ്ങളിലുമെല്ലാം തെരുവ് നായശല്യം രൂക്ഷമാണ്. രാത്രിയും പകലുമെല്ലാം ഇവ സ്വൈര വിഹാരം നടത്തുകയാണ്. ആലയ്ക്കൽ ജംഗ്ഷനിൽ തെരുവ് നായയെ തട്ടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. പുലർച്ചെ പത്രം എടുക്കാനും വിതരണത്തിനുമെത്തുന്ന ഏജന്റുമാരും ജീവനക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പകൽ ചന്തയിലും ഹോട്ടലുകളിലും മറ്റുമായി വേണ്ടുവോളം ഭക്ഷണം ലഭിക്കുന്ന നായകൾ രാത്രിയിൽ ടൗണിലാണ് കൂട്ടം കൂടി കിടക്കുന്നത്. പുലർച്ചെ പത്രം എടുക്കുന്നതിനായി ഏജന്റുമാർ ടൗണിലെത്തുമ്പോൾ ഇവയെല്ലാം അവർക്ക് നേരെ തിരിയുകയാണ്. ജീവനിൽ ഭയന്നാണ് പത്രമെടുക്കാൻ എത്തുന്നതെന്ന് ഏജന്റുമാർ പറയുന്നു. അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് പൊതുആവശ്യം.