c

കുണ്ടറ: കുമ്പളം വലിയവിള ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷന്റെ കീഴിലുള്ള സെന്റ് ജോസഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശനോത്സവം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി, ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ എന്നിവയുടെ പ്രവേശനോത്സവമാണ് ഓൺലൈനായി സംഘടിപ്പിച്ചത്. എയ്ഡഡ് വിദ്യാലയമായ മുട്ടം സെന്റ് ജോസഫ് മോഡൽ എൽ.പി സ്കൂളിന്റെ പ്രവേശനോത്സവം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ചടങ്ങുകളിൽ വലിയവിള ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സ്കൂളുകളുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ഗ്രൂപ്പുകളായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജി.ഡി. വിജയകുമാറും ഈസ്റ്റ് കല്ലട പഞ്ചായത്ത് സെക്രട്ടറി എം. വിജയനും രണ്ട് ഗ്രൂപ്പുകളിലെ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വലിയവിള ഫൗണ്ടേഷൻ സെക്രട്ടറിയും സ്കൂളുകളുടെ മാനേജരുമായ സ്മിത രാജൻ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജു, കുമ്പളം സെന്റ് മൈക്കിൾ ചർച്ച് ഇടവക വികാരി ഫാ. ജോസ് സെബാസ്റ്റ്യൻ, വെസ്റ്റ് കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവക വികാരി ഫാ. ടി. തോമസ് കുട്ടി, കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി പ്രിൻസിപ്പൽ ലേഖ പവനൻ, ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ രേവതി പ്രവീൺ എന്നിവർ സംസാരിച്ചു. ജോസഫ്.ഡി. ഫെർണാണ്ടസ് വിദ്യാലയത്തിലും കുട്ടികൾ അവരവരുടെ ഭവനങ്ങളിലും ദീപം തെളിച്ചാണ് ചടങ്ങിനൊപ്പം ചേർന്നത്. ആയിരത്തിൽപ്പരം വിദ്യാർത്ഥികളും രക്ഷിതാക്കളും ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.