കൊല്ലം: നഗരത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ദിവസവും സ്ഥിതി വിലയിരുത്തും. മഴക്കാലപൂർവ ശുചീകരണം വേഗത്തിലാക്കും. ലക്ഷദ്വീപിലെ ജനങ്ങളുടെ ഭരണഘടനാവകാശങ്ങളെ തകർക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. ദ്വീപിൽ സ്ഥിതി വഷളാകുന്നതിനു മുമ്പ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. മേയർ പ്രസന്ന ഏണസ്റ്റ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അഞ്ച് ബി.ജെ.പി കൗൺസിലർമാരൊഴികെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. പരിസ്ഥിതി ദിനമായ അഞ്ചിന് കോർപ്പറേഷൻ പ്രദേശത്ത് ലക്ഷം വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും. കോർപ്പറേഷൻ തല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.