sreejitha
ശ്രീജിത

ശാസ്താംകോട്ട: മക്കൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനി ശ്രീജിത്ത് ഭവനത്തിൽ ശ്രീജിതയാണ് (30) മരിച്ചത്. ഇവരുടെ മക്കളായ അനുജിത്ത് (9), അനുജിത (6) എന്നിവർ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ശ്രീജിത മക്കൾക്കൊപ്പമുള്ള ചിത്രം 'അവസാന സെൽഫി' എന്ന അടിക്കുറിപ്പോടെ വാട്സ്ആപ്പിൽ സ്റ്റാറ്റസായി ഇട്ടിരുന്നു. ഇതുകണ്ട് സമീപത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തുമ്പോൾ ശ്രീജിതയും മക്കളും ഛർദ്ദിച്ച് അവശരായി കിടക്കുകയായിരുന്നു. ശ്രീജിതയുടെ ഭർത്താവ് ഈ സമയം ഉറക്കത്തിലായിരുന്നു.

മൂവരെയും ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപതിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ ശ്രീജിത മരിച്ചു. കുട്ടികളിൽ ഒരാളുടെ നില അതീവഗുരുതരമാണ്. ശൂരനാട് പൊലീസ് കേസെടുത്തു.