ഐ.സി.യു കിടക്കകളുടെ ആവശ്യത്തിന് അയവ്
കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം കുറയുന്നതിനൊപ്പം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണവും താഴുന്നു. ഒന്നരയാഴ്ച മുമ്പ് 375 ഓളം രോഗികൾ ഐ.സി.യുകളിൽ ചികിത്സയിലുണ്ടായിരുന്നു. ഇപ്പോഴത് മുന്നൂറിലേക്ക് താഴ്ന്നു. അതുകൊണ്ട് തന്നെ ഐ.സി.യു കിടക്കകൾക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിന് അയവ് വന്നിട്ടുണ്ട്.
രണ്ടാം വ്യാപനം തുടങ്ങുമ്പോൾ 50 ഓളം രോഗികൾ മാത്രമാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. ഏപ്രിൽ അവസാനമായതോടെ ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണം 150ലേക്കും വെന്റിലേറ്ററിൽ ഉള്ളവർ 25 ആയും ഉയർന്നു. പിന്നീട് കുത്തനെ ഉയർന്ന് ഐ.സിയുവിലുള്ളവരുടെ എണ്ണം 375 വരെയെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് ഐ.സി.യു ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്. 85ലേക്ക് ഉയർന്ന് വെന്റിലേറ്ററിൽ ഉള്ളവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ശരാശരി 60 ആണ്.
മേയ് പകുതിയിൽ 1,13,041 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. രോഗവ്യാപനം കുറഞ്ഞതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,332 ആയി കുറഞ്ഞു. രോഗം തീവ്രമല്ലെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണവും താഴ്ന്നിട്ടുണ്ട്. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഏകദേശം 2,200 ഓളം കിടക്കകളാണ് കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരുന്നത്. മേയ് 15 മുതൽ 26 വരെ ശരാശരി 1,600 കൊവിഡ് ബാധിതർ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നു. ഇപ്പോഴത് 1400ലേക്ക് താഴ്ന്നു. വരും ദിവസങ്ങളിൽ വെന്റിലേറ്റർ, ഐ.സി.യു കിടക്കകൾ ആവശ്യമായവരുടെ എണ്ണം കുത്തനെ താഴുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ.
മൂന്ന് പഞ്ചായത്തുകളിൽ ടെസ്റ്റ്
പോസിറ്റിവിറ്റി 30ന് മുകളിൽ
തൃക്കരുവ, തൃക്കോവിൽവട്ടം, കുമ്മിൾ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലാണ്. ക്ലാപ്പന പഞ്ചായത്തിൽ പത്തിൽ താഴെയാണ്. 26 പഞ്ചായത്തുകളിൽ 20നും 30നും ഇടയിലാണ്. ബാക്കിയുള്ളിടത്ത് 10നും 20നും ഇടയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം
ഏപ്രിൽ 1ന് - 679
എപ്രിൽ 15ന് - 1,555
എപ്രിൽ 30ന് - 4,515
മേയ് 16ന് -13,041
മേയ് 31ന് - 5,879
ജൂൺ 2ന് - 5,332
''
ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളെക്കാൾ അല്പം കൂടുതലാണെങ്കിലും രോഗവ്യാപനം പൊതുവേ കുറയുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കുറയുമെന്നാണ് പ്രതീക്ഷ. ചികിത്സയിലുള്ളവരുടെയും ഗുരുതരാവസ്ഥയിലാകുന്നവരുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്.
ഡോ. ആർ. ശ്രീലത, ഡി.എം.ഒ