unnikrishnan
ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി

കൊല്ലം: സംസ്കൃത അദ്ധ്യാപകനായിരുന്ന ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി അമ്പലപ്പുഴ ഗവ.ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. തഴവ കുതിരപ്പന്തി ,​കോയിക്കൽ പടീറ്റതിൽ പരേതരായ രാഘവപ്പണിക്കരുടെയും കല്യാണിയമ്മയുടെയും മകനായ ഇദ്ദേഹം നിരവധി ശിഷ്യസമ്പത്തുമായണ് ഔദ്യോഗിക ജീവിതത്തോട് വിടപറയുന്നത്. സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി അമ്പിത്തറയിൽ വിജയന്റെ വിദ്യാനികേതനെന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് അദ്ധ്യാപക ജീവിതത്തിലേക്ക് കടക്കുന്നത്. തഴവ,​ ഓച്ചിറ, കരുനാഗപ്പള്ളി , മാവേലിക്കര, കായംകുളം , ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിലെ അമ്പതിലധികം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. മലപ്പുറം പട്ടിക്കാടും പിന്നീട് 13 വർഷമായി അമ്പലപ്പുഴയിലും ജോലി ചെയ്ത് വരികയായിരുന്നു. ആലപ്പുഴ ജില്ലാ റിസോഴ്സ് ഗ്രൂപ്പിന്റെ ചുമതലയ്ക്കൊപ്പം സ്ഥാനത്ത് സംസ്കൃത അദ്ധ്യാപകരുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപക സംഘടനയുടെ ആലപ്പുഴ ജില്ലാ സമിതിയംഗം, അമ്പലപ്പുഴ സബ് ജില്ലാ പ്രസിഡന്റ് , സ്റ്റാഫ് സെക്രട്ടറി എന്നിങ്ങനെ അദ്ധ്യാപനത്തിനൊപ്പം ഔദ്യോഗിക രംഗത്തും കർമ്മ നിരതമായിരുന്നു . സംസ്കൃത അദ്ധ്യാപകർക്കായി സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സര പരീക്ഷയിൽ നിരവധി തവണ ഒന്നാംസ്ഥാനത്തെത്തുകയും നിരവധി പുരസ്കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്. തഴവയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൂലസ്ഥാന ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം തഴവയിൽ വിദ്യാർത്ഥികൾക്കായി സംസ്കൃത പാഠശാലയും പുരാണ ലൈബ്രറിയും സ്ഥാപിച്ചു. ഭാര്യ .മിനി. മക്കൾ - അഭിജിത്ത് ,ആര്യജിത്ത്.