കരുനാഗപ്പള്ളി: സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കം. തൊടിയൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ശ്രദ്ധ -3യും തഴവ ഗ്രാമ പഞ്ചായത്തും തഴവ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബി . ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റിഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത് ആശംസകൾ അറിയിച്ചു. തുടർന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വിവിധ രോഗങ്ങൾക്കെതിരെയുള്ള വൈദ്യ പരിശോധനകൾ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് എതിരെയുള്ള ലാബ് പരിശോധനകൾ തുടങ്ങിയവ നടത്തി.