തൊടിയൂർ: കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജീവകാരുണ്യ പ്രവത്തനങ്ങളിലൂടെ ജനശ്രദ്ധ നേടിയ കരുനാഗപ്പള്ളി 'ശ്രദ്ധ' യുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിച്ച 'ആഹാരപ്പുര' വിശക്കുന്നവരെത്തേടി ഭക്ഷണപ്പൊതികളുമായി യാത്രതുടരുന്നു. അഡ്വ.സുധീർ കാരിക്കൽ ചെയർമാനും സാജൻ വൈശാഖം ജനറൽ കൺവീനറും സജി സോഡിയാക്ക് ട്രഷററും നജീം മണ്ണേൽ ഉപദേശക സമിതി കൺവീനറുമായിട്ടുള്ള സംഘടനയാണ് കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശ്രദ്ധ. ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടിയവർക്കും കൊവിഡ് രോഗികൾക്കും ഭക്ഷണം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ ശ്രദ്ധ സംഘടിപ്പിച്ചതാണ് 'ആഹാരപ്പുര'. കഴിഞ്ഞ 23ന് സി.ആർ.മഹേഷ് എം.എൽ. എ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിയോൺ ഷിഹാബാണ് ആഹാരപ്പുരയുടെ കൺവീനർ. ഉദാരമതികൾ നൽകുന്ന സഹായത്താലാണ് ആഹാരപ്പുര പ്രവർത്തിച്ചുവരുന്നത്. പ്രതിദിനം ഇരുനൂറ്റമ്പതോളം ഭക്ഷണപ്പൊതികൾ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ശ്രദ്ധയുടെ സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്തു വരുന്നു.