disaster
നെൽപ്പുരകുന്നിൽ പി ഡബ്ല്യു ഡി റോഡിന്റെ കല്ലടയാറിനോട് ചേർന്നുള്ള ഭാഗം വിണ്ടുകീറിയ നിലയിൽ .

പടിഞ്ഞാറെ കല്ലട: കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിൽ വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിന് സമീപം നെൽപ്പുര കുന്നിൽ കല്ലടയാറി നോട് ചേർന്ന പി.ഡബ്ല്യു.ഡി റോഡിന്റെ ഭാഗം വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം വീണ്ടും വിണ്ടുകീറി. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന റോഡുകളിൽ ഒന്നാണിത് . 2014ൽ ഇവിടെ രാത്രിയിൽ റോഡിൽ വിള്ളൽ ഉണ്ടായതും റോഡ് ഇടിഞ്ഞു പൊളിഞ്ഞതും നാട്ടുകാർക്ക് ഇന്നും നടുക്കുന്ന ഒരു ഓർമ്മയാണ്. അന്ന് രാത്രിയിൽ തന്നെ പട്ടാളത്തിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം ഒരു വൻദുരന്തം ഒഴിവാക്കാൻ സാധിച്ചു. 2016 ൽ ഏതാണ്ട് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡിന്റെ ഇടിഞ്ഞ ഭാഗവും കല്ലടയാറിന്റെ കുറെ ഭാഗത്തെ പാർശ്വഭിത്തിയും പുനർനിർമ്മിക്കുകയുണ്ടായി. മുൻകാലങ്ങളിൽ കല്ലടയാറ്റിലെ അമിതമായ മണൽ വാരലും കൂടാതെ കാലവർഷത്തിൽ ജലനിരപ്പുയർന്ന് വെള്ളം ഒഴുക്കിന്റെ ശക്തി കൂടി കൊടും വളവിൽ ഇടിയ്ക്കുന്ന കാരണംകൊണ്ടാണ് ഇവിടെ റോഡിന് നാശം സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുന്നേ തന്നെ റോഡ് സംരക്ഷിക്കുവാൻ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.