kotarakara
kotarakara

കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ വലിയ പ്രതീക്ഷയർപ്പിക്കുകയാണ് കൊട്ടാരക്കര. കൊട്ടാരക്കരയുടെ എം.എൽ.എ ആദ്യമായി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ കൊട്ടാരക്കരയുടെ പ്രതീക്ഷകൾക്കും അപ്പുറത്തേക്കുള്ള പദ്ധതികൾ ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.

പരിഹാരമാകേണ്ട ആവശ്യങ്ങൾ

പട്ടണത്തിലെ ഗതാഗത കുരുക്ക്

ചന്തയുടെയും മറ്റും വികസനം

കുടിവെള്ള പ്രശ്നങ്ങൾ

താലൂക്ക് ആശുപത്രി വികസനം

നഗരസഭയ്ക്ക് ആസ്ഥാനം

ഫയർ സ്റ്റേഷന്റെ വികസനം

പുലമൺ തോട് വികസനം

ടൂറിസം പദ്ധതികൾ

എക്സൈസ് ഓഫീസ്

ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും

സാംസ്കാരിക സമുച്ചയം ഉണ്ടാകുമെന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത നേരത്തെതന്നെ കൈവന്നിട്ടുണ്ട്. കഥകളിയെയും കൊട്ടാരക്കര തമ്പുരാനെയും ഓർക്കുംവിധം കലാസാംസ്കാരിക സമുച്ചയം നിർമ്മിക്കുമെന്ന് മുൻപ് പലതവണ ആവർത്തിച്ചുപറഞ്ഞിരുന്നതുമാണ്. ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കുമാണ് ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് നേരത്തെതന്നെ മന്ത്രി സൂചിപ്പിച്ചിരുന്നു. ആ നിലയിലും കൊട്ടാരക്കരയ്ക്ക് പ്രതീക്ഷകളുണ്ട്.

തൊഴിൽ പാർക്ക് വരുമോ?

പരമാവധി ആളുകൾക്ക് തൊഴിൽ നൽകാനുള്ള ഒരു വ്യവസായ പാർക്ക് കൊട്ടാരക്കരയ്ക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കശുഅണ്ടി മേഖല മാത്രമാണ് മണ്ഡലത്തിൽ പ്രധാന തൊഴിലിടമായിട്ടുള്ളത്. ടെക്നോ പാർക്കുപോലെ പുതിയ സംവിധാനങ്ങളെത്തുമെന്നും പുതിയ വ്യവസായ ശാലയുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. കൊട്ടാരക്കര പട്ടണത്തിൽത്തന്നെ വേണ്ടുവോളം ഭൂമി കെ.ഐ.പി വകയായി കാടുമൂടി കിടക്കുന്നുണ്ട്. ഇത് ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇ.ടി.സിയിലുമുണ്ട് ഒട്ടേറെ സർക്കാർ ഭൂമി. കൊട്ടാരക്കര പട്ടണത്തിൽ മാത്രമായി വികസനം ഒതുങ്ങില്ല. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾക്കും ആവശ്യമായ പദ്ധതികൾ കന്നി ബഡ്ജറ്റിൽത്തന്നെ ഇടം നേടുമെന്നാണ് പ്രതീക്ഷ.