ചാത്തന്നൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി കൊവിഡ് പരിശോധനാ ക്യാമ്പിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കുന്നുംപുറത്ത് വീട്ടിൽ സോമൻ- രമണി ദമ്പതികളുടെ മകൾ സുനിതയാണ് (34) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.
കല്ലുവാതുക്കൽ പഞ്ചായത്തിൽ കിഴക്കനേല വാർഡിൽപ്പെട്ട ചാന്നാംപൊയ്ക കോളനിയിൽ ഇന്നലെ കൊവിഡ് പരിശോധനാ ക്യാമ്പ് നടന്നിരുന്നു. പനിബാധിച്ച് അവശനിലയിലായ സുനിതയെ ബന്ധുക്കൾ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രോഗം കലശലായതിനെ തുടർന്ന് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. എത്രയും വേഗം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ഇവർ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് വീടിനടുത്തുള്ള കാർഷിക സേവനകേന്ദ്രത്തിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിയത്. പ്രത്യേക പരിഗണന നൽകി പരിശോധിപ്പിക്കാനൊരുങ്ങവേ കുഴഞ്ഞുവീണ സുനിതയെ ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.