കൊല്ലം: റെയിൽവേയിൽ 1,345 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും നിയമന മരവിപ്പും പുനഃപരിശോധിക്കണമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് നൽകിയ കത്തിൽ അഡ്വ. കെ. സോമപ്രസാദ് എം.പി ആവശ്യപ്പെട്ടു.
രാജ്യത്തെ 16 റെയിൽവേ സോണുകളിലായി നാലു ലക്ഷത്തിൽ പരം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിന്റെ നേർപകുതി തസ്തികകൾ സംവരണ ചട്ടങ്ങളനുസരിച്ച് നികത്തപ്പെടേണ്ടവയാണ്. പട്ടികവിഭാഗങ്ങൾക്ക് 22.5 ശതമാനവും പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനവുമാണ് നിലവിലുള്ള സംവരണ തോത്. സമയബന്ധിതമായി റിക്രൂട്ട്‌മെന്റ് നടന്നിരുന്നെങ്കിൽ രണ്ടുലക്ഷം സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചേനെ. സംവരണ ചട്ടങ്ങളും സാമൂഹ്യനീതിയും അട്ടിമറിക്കുന്ന റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.