photo

കൊല്ലം: മുട്ടിയും ഉരുമിയും മരങ്ങൾ കിന്നാരം പറയുമ്പോൾ പക്ഷിക്കൂട്ടങ്ങൾ ഒപ്പം കൂടും. പിന്നെ അവരുടെ സന്തോഷത്തിൽ പൂക്കൾ വിടർന്ന് സുഗന്ധം പരത്തും. കായ്കനികളുടെ മധുരംകൂടിയാകുമ്പോൾ അവിടമൊരു സ്വർഗമാകും.

കൊട്ടാരക്കര പൂവറ്റൂർ കരുവയിൽ മിനി ചന്ദ്രമോഹനന്റെ വീട്ടുവളപ്പാകെ ഇത്തരത്തിൽ പ്രകൃതിയുടെ വിശേഷങ്ങളാണ്. വാട്ടർ അതോറിട്ടിയിൽ നിന്ന് ഡിവിഷണൽ അക്കൗണ്ടന്റായി വിരമിച്ച ആർ.ചന്ദ്രമോഹനും റെയ്ക്കി മാസ്റ്ററായ ഭാര്യ മിനിയും മൂന്നു പതിറ്റാണ്ടുകാലം വെള്ളവും വളവുമേകി വളർത്തിയെടുത്ത പച്ചപ്പാണ് വീടിന്റെയും നാടിന്റെയും മുഖപ്രസാദം! പ്ളാവും മാവും ആഞ്ഞിലിയും കാഞ്ഞിരവും തുടങ്ങിയ നാട്ടുമരങ്ങൾ. രുദ്രാക്ഷവും ഇരുമ്പുറപ്പിയും സോപ്പ്നട്ടും മക്കൊത്താ ദേവയും ബാലുജഡാലുവും നീർമരുതും കടമ്പും ഉൾപ്പടെ സ്വദേശിയും വിദേശിയുമായ നൂറുകണക്കിന് വൃക്ഷലതാദികൾ. രണ്ടരയേക്കറിന്റെ ഈ അവകാശികൾക്കിടയിൽ വീടും കുളവും ചെറിയൊരു കാവും നക്ഷത്രവനവുമുണ്ട്. നീർമാതളം, പൂജകർപ്പൂരം, രാജ്ഗുളി, മനിലാചെറി, മാട്ടോസ്, ഗാക്, പൂവണ്ണ്, കാട്ട് കറിവേപ്പ്, ദുരിയൻ, പൊൻചെമ്പകം, ബ്ളാക്ക് സപ്പോട്ട, ബരാവ, മരമുത്തിരി, ബോധി, അമ്പഴം, പാൽകായം, അണലിവേഗം, മരക്കപ്പലണ്ടി, മലബാർ ചെമ്പ് നട്ട്, അബിയു എന്നിങ്ങനെ മലയാളികൾ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ മരങ്ങൾ നിരവധി. അതുകൊണ്ട് കാലമേതായാലും കാടിന്റെ തണുപ്പാണ് വീട്ടിലും പരിസരത്തും.

ഉൾവനങ്ങളിൽ കാണപ്പെടുന്ന എല്ലൂറ്റി സവിശേഷ മരമാണ്. അസ്ഥികൾക്ക് പൊട്ടലുണ്ടായാൽ ഇത് ചതച്ച് കെട്ടിയാൽ പ്ളാസ്റ്ററിംഗിനേക്കാൾ ഫലം ചെയ്യുമെന്ന് മിനി പറയുന്നു. ശലഭങ്ങൾ വട്ടമിട്ട് പറക്കുന്ന ഇരുമ്പുറപ്പി ഒരു കൗതുകക്കാഴ്ചയാണ്. കുറുവ ദ്വീപിൽ നിന്ന് കൊണ്ടുവന്ന വംശനാശ ഭീഷണിനേരിടുന്ന മൂത്താശാരിയും തലയെടുപ്പോടെ ഇവിടെ വളർന്നു നിൽക്കുന്നു. യജ്ഞവേദികളിൽ ഒഴിവാക്കാനാകാത്ത സോമലത, ഒരില കഴിച്ചാൽ മതി അന്ന് ആഹാരം വേണ്ടെന്ന് ആദിവാസികൾ വിശ്വസിക്കുന്ന ആരോഗ്യപ്പച്ച, മുള്ളില്ലാത്ത മുരിക്ക്, മധുരമുള്ള ലൗലോലി, ചാമ്പ തുടങ്ങി വൈവിദ്ധ്യമാർന്നതാണ് ഈ സസ്യലോകം. വിരഹിണിയായ സീതാദേവിക്ക് ആശ്വാസത്തിന്റെ കുട ചൂടിയ അശോകവനിയിലെ ശിംശിപാ വൃക്ഷം പൂവിടുന്നത് അപൂർവമാണ്. ഈ വൃക്ഷത്തിന്റെ ചുവന്ന പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചാണ് വീട്ടിലേക്ക് കടന്നുവരേണ്ടത്. മണ്ണിൽത്തൊട്ടു നിൽക്കുന്ന പൂക്കുലകൾ വേറിട്ട സൗന്ദര്യമാണ്.

മിറക്കിൾ ഫ്രൂട്ടാണ് മറ്റൊരു അതിശയം. ഈ ചെടിയുടെ പഴം കഴിച്ചാൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ എന്ത് പുളിയുള്ള വസ്തു കഴിച്ചാലും മധുരിക്കും! അങ്ങിനെ മരങ്ങളും ചെടികളും വള്ളികളുമൊക്കെയായി മിനി ചന്ദ്രമോഹന്റെ പറമ്പ് നിറഞ്ഞ് നിൽക്കുമ്പോൾ അതു കാണാനും ആസ്വദിക്കാനുമായി ധാരാളം പേർ ഇവിടെ എത്താറുണ്ട്. മക്കളായ വിഷ്ണുവും വിധുവും (വയലിനിസ്റ്റ്) വനമാെരുക്കലിന് ഇവർക്ക് കൂട്ടായുണ്ട്. ഓരോ പരിസ്ഥിതി ദിനത്തിലും കൂടുതൽ കൂടുതൽ തൈകൾ ഈ ഉദ്യാനത്തിൽ വന്നു പിറക്കുകയാണ്. അവയെ വളർത്തി ഫലപ്രാപ്തിയിലെത്തിക്കാൻ നല്ല മനസുകൾ ഇവിടെയുണ്ട്.