ashtamudi
കണ്ണീർത്തടം... മാലിന്യം അടിഞ്ഞുകൂടി കരപോലെയായ അഷ്ടമുടി കായൽ തീരം. ആശ്രാമം ലിങ്ക് റോഡ് പരിസരത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: ഡി. രാഹുൽ

 ലോക പരിസ്ഥിതി ദിനത്തിലും മാലിന്യക്കാഴ്ചകൾ

കൊല്ലം: അതീവ കരുതലോടെ സംരക്ഷിക്കേണ്ട നീർത്തട പട്ടികയായ റാംസറിൽ ഉൾപ്പെട്ടിട്ടും അവഗണനയുടെ ഓളങ്ങളിൽ മാലിന്യകൂമ്പാരമാവുകയാണ് അഷ്ടമുടി കായൽ. 2012 ലാണ് അഷ്ടമുടി കായൽ റാംസർ പട്ടികയിൽ ഇടംനേടിയത്.

വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി എത്തുമ്പോൾ കായൽ സംരക്ഷണം കേവലം കടലാസിൽ ഒതുങ്ങിയിരിക്കുന്നു. 'മലിനീകരണത്തെ പ്രതിരോധിക്കുക' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യമെങ്കിലും കായലോളങ്ങളിൽ മാലിന്യം കുന്നുകൂടുകയാണ്.

സംസ്ഥാനത്തെ കായലുകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനവും ആഴത്തിൽ ഒന്നാം സ്ഥാനവുമാണ് അഷ്ടമുടിക്കുള്ളത്. സംരക്ഷിത പട്ടികയിൽ ഇടം നേടിയെങ്കിലും കായൽ സംരക്ഷണത്തിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആശുപത്രി മാലിന്യമടക്കമാണ് കായലിലേക്ക് തള്ളുന്നത്.

കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ തള്ളിയിരിക്കുന്ന ഖരമാലിന്യങ്ങൾ മഴയത്ത് കായലിലേക്ക് ഒഴുകിയെത്തുന്നതും പതിവ് കാഴ്ചയാണ്. അറവ്, കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കുന്നവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും അധികൃതർക്കായിട്ടില്ല.

കൂടൊഴിഞ്ഞ് ദേശാടനപക്ഷികൾ

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർദ്ധനവ് മൂലം അഷ്ടമുടിയുടെ സ്വകാര്യഅഹങ്കാരമായ കുഴാവാലി, കരിമീൻ, കണമ്പ്, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയ മത്സ്യഇനങ്ങളെല്ലാം വംശനാശ ഭീഷണിയിലാണ്.

കണ്ടൽ കാടുകൾ വ്യാപകമായി നശിപ്പിച്ചത് മൂലം ദേശാടന പക്ഷികളുടെ വരവും കുറഞ്ഞു. 57 ഇനം പക്ഷികളായിരുന്നു അഷ്ടമുടിയിൽ എത്തിയിരുന്നത്. അവയും ഇപ്പോൾ നാമമാത്രമായി. വംശനാശഭീഷണി നേരിടുന്ന സിസിജിയം, ട്രാവൻകോറിക്കം തുടങ്ങിയ സസ്യങ്ങൾ നശിച്ചുതുടങ്ങി.

എട്ടുമുടികൾ

എട്ടുമുടികൾ (ശാഖകൾ) ഉള്ളത് കൊണ്ടാണ് അഷ്ടമുടിക്ക് ഈ പേര് കൈവന്നത്. ആശ്രാമം, കണ്ടച്ചിറ, കുരീപ്പുഴ, മുക്കാടൻ, പ്രാക്കുളം, മഞ്ഞപ്പാടം, കാഞ്ഞിരകോട്, വെള്ളിമൺ എന്നിവയാണ് എട്ടു മുടികൾ

ഒളിമങ്ങാതെ ചരിത്രം

ഫ്രഞ്ചുകാരുടെയും റോമക്കാരുടെയും കാലത്ത് തന്നെ കൊല്ലവും അഷ്ടമുടി കായലും പ്രാധാന്യമുള്ളവയായിരുന്നു. 14- ാം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ച് വ്യാപാര തുറമുഖങ്ങളിൽ ഒന്നായി അഷ്ടമുടിയുടെ തീരത്തെ പ്രതിപാദിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിദളവ പ്രക്ഷോഭം സംഘടിപ്പിച്ചതും അഷ്ടമുടിയുടെ തീരത്തായിരുന്നു.