school

കൊല്ലം: ഫീസിനത്തിലും മറ്റുമുള്ള ഭീമമായ കുടിശികയെ തുടർന്ന് ജില്ലയിലെ സ്വകാര്യ സ്‌കൂളുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇതേതുടർന്ന് ജീവനക്കാർക്ക് വേതനം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് സ്‌കൂൾ മാനേജ്‌മെന്റുകൾ.

കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഫീസിനത്തിൽ വലിയൊരു തുകയാണ് പിരിഞ്ഞുകിട്ടാനുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്‌കൂളുകൾ അടച്ചിടേണ്ടിവന്നതോടെ വരുമാനം പകുതിയോളം കുറഞ്ഞു. രക്ഷകർത്താക്കളും ഇതേ രീതിയിൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഫീസിനത്തിലുള്ള കുടിശിക അടയ്ക്കുന്നതിന് കൂടുതൽ സമയം സ്‌കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പകുതിയിലധികം വിദ്യാർത്ഥികളും കഴിഞ്ഞ അദ്ധ്യയന വർഷത്തെ ഫീസുകൾ നൽകിയിട്ടില്ല. മിക്ക സ്‌കൂളുകളിലും പത്ത്, പന്ത്രണ്ട് ക്‌ളാസിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിക്കാല ഓൺലൈൻ ക്ളാസുകൾ സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക നഷ്ടമുണ്ടായെങ്കിലും കുട്ടികളുടെ ഭാവിയെ കരുതിയാണ് അവധിക്കാല ക്ലാസുകൾ സംഘടിപ്പിച്ചതെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ പറഞ്ഞു.

ആരെയും ഒഴിവാക്കില്ല

ഫീസിനത്തിലുള്ള കുടിശികയുടെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പോലും വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ലെന്ന് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ അറിയിച്ചു. ഫീസ് കുടിശികയുള്ളവർ സ്‌കൂൾ മാനേജ്‌മെന്റിന് കത്തുനൽകിയാൽ തവണകളായി അടക്കുന്നതിനുള്ള സൗകര്യം നൽകാമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു.

നിജസ്ഥിതി തേടി കളക്ടറും വിദ്യാഭ്യാസ വകുപ്പും

ഫീസിനത്തിൽ കുടിശികയുള്ളവരെ ഓൺലൈൻ പഠനത്തിൽ നിന്ന് ഒഴിവാക്കുന്നതായി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിജസ്ഥിതി അന്വേഷിക്കാൻ കളക്ടർ ബി. അബ്ദുൽ നാസർ ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ സ്വകാര്യ സ്‌കൂളുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കണ്ടെത്തി. ഫീസ് കുടിശികയുടെ പേരിൽ ആരുടെയും വിദ്യാഭ്യാസം തടസപ്പെടുത്തില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ ഉറപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.

"

സ്വകാര്യ സ്‌കൂളുകളിൽ പഠനം തുടരാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികൾക്ക് പൊതുവിദ്യാലയങ്ങളിൽ അവസരം ഒരുക്കും.

സുബിൻ പോൾ

ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ