കൊല്ലം: മയ്യനാട്ടിലേത് ഉൾപ്പെടെയുള്ള സുനാമി ഫ്ലാറ്റുകളുടെ നവീകരണം, കുടിവെള്ളം ലഭ്യമാക്കൽ, മാലിന്യനിർമ്മാർജനം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേർക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിലെ താമസക്കാരുടെ ജീവിതം ദുരിതപൂർണമാണ്. മയ്യനാട് സുനാമി കോളനിയിലെ കെട്ടിടങ്ങളുടെ സ്ഥിതി വളരെ പരിതാപകരമാണ്. കൊല്ലം ജില്ലയിലെ സുനാമി ഫ്ലാറ്റുകളുടെ കേടുപാടുകൾ തീർത്ത് താമസയോഗ്യമാക്കാനും കക്കൂസ് മാലിന്യം ഉൾപ്പെടെ ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യാനും പ്രത്യേകപദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.