gandhibhavan
ഷൈമോളെയും ഷാനവാസിനെയും ഗാന്ധിഭവൻ ഏറ്റെടുക്കുന്നു. മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ തുടങ്ങിയവർ സമീപം

കരുനാഗപ്പള്ളി: ദുരിതജീവിതത്തിനോട് പടവെട്ടി വിധിക്ക് മുന്നിൽ പൊരുതിനിന്ന ഒരു കുടുംബത്തിലെ കിടപ്പുരോഗികളായ രണ്ട് സഹോദരങ്ങൾക്ക് പത്തനാപുരം ഗാന്ധിഭവൻ അഭയം നൽകി. ഷൈമോൾ (40), സഹോദരൻ ഷാനവാസ് (39) എന്നിവരെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കരുനാഗപ്പള്ളി ഇടക്കുളങ്ങര കോട്ടൂർ ചാലിൽ വീട്ടിൽ ശശിയുടെയും യശോദയുടെയും മക്കളായ ഷൈമോൾക്കും ഷാനവാസിനും ജന്മനാ കാലുകൾക്ക് വളവുണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ഇരുവർക്കും കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടത്.
തിരു. മെഡി. കോളേജിലെ ഏഴ് വർഷത്തെ ചികിത്സയിൽ ഫലമില്ലാതായതോടെ ഇവർ വീട്ടിലേക്ക് മടങ്ങി. അവിടന്നിങ്ങോട്ട് 20 വർഷമായി അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും വാത്സല്യവുമായിരുന്നു ഇവർക്ക് മരുന്ന്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ശശി ജോലിഉപേക്ഷിച്ച് പൂർണമായും മക്കളെ ശുശ്രൂഷിക്കാൻ സമയം കണ്ടെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് പിന്നീട് ഈ കുടുംബം കഴിഞ്ഞത്. ഒരു മാസം മുമ്പ് മാതാവ് യശോദ ന്യുമോണിയ ബാധിച്ച് മരിച്ചതോടെയാണ് ഇവരുടെ ജീവിതം ദുരിതപൂർണമായത്. നട്ടെല്ലിന് അകൽച്ചയും മറ്റ് ശാരീരികപ്രശ്നങ്ങളുമുള്ള അച്ഛന് മക്കളുടെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കാൻ കഴിയാതായതോടെയാണ് മുൻ എം.എൽ.എ. ആർ. രാമചന്ദ്രനോട് വിവരം പറഞ്ഞത്. അദ്ദേഹമാണ് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ കാര്യങ്ങൾ ധരിപ്പിച്ചത്.
മുൻ എം.എൽ.എ. ആർ. രാമചന്ദ്രൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, മുൻ ഗ്രാമപഞ്ചായത്തംഗം ടി.എസ്. അജയൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജിന്റെ നേതൃത്വത്തിലാണ് ഇരുവരെയും ഏറ്റെടുത്തത്. തന്റെ മക്കളെ ഹൃദയം നുറുങ്ങുന്ന വേദനയോടെ യാത്രയാക്കിയ പിതാവ് ശശിയെ അയൽക്കാരാണ് ആശ്വസിപ്പിച്ചത്. ഷൈമോളും ഷാനവാസും ഭിന്നശേഷിക്കാർക്കായുള്ള ഗാന്ധിഭവൻ പുനരധിവാസ കേന്ദ്രത്തിൽ പ്രത്യേക പരിചരണത്തിലാണ്.