കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നമുക്ക് വേണ്ടി മണ്ണിനുവേണ്ടി കാമ്പയിൻ പത്താം ഘട്ടത്തിലേക്ക് കടക്കുന്നു. വീട്ടിലൊരു ഫലവൃക്ഷം പദ്ധതി , ക്ളീൻ പള്ളിക്കലാർ ചലഞ്ച്, കാവ് സംരക്ഷണപരിപാടി, കണ്ടൽ വനവത്കരണം,കരിമ്പന നട്ടുപിടിപ്പിക്കൽ,കണ്ടൽ പഠനയാത്ര,വൃക്ഷതൈ വിതരണം, വൃക്ഷതൈ നടീൽ, ബോധവത്കരണ പ്രചാരണ പരിപാടികൾ, പിറന്നാൾ മരം, വിവാഹമരം, ഓർമ്മമരം കാമ്പയിൻ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്താം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് സി. ആർ. മഹേഷ് എം.എൽ. എ വീട്ടുവളപ്പിൽ വൃക്ഷതൈ നട്ട് നിർവഹിക്കും. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിക്കും. ക്ളീൻ പള്ളിക്കലാർ ചലഞ്ചിനോടനുബന്ധിച്ച് നിർമ്മിക്കുന്ന ഡോക്ക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മവും നടക്കും. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന സംസ്ഥാതല വെബിനാറിൽ ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ കെ. എസ്. ജ്യോതി, അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി ട്രസ്റ്റി കെ. ജി. ജഗദീശൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. അനിൽകുമാർ, ചലച്ചിത്രതാരം വിനു മോഹൻ എന്നിവർ പ്രഭാഷണം നടത്തും.ചടങ്ങിൽ പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.