sree

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്വന്തം കാമ്പസ് എന്ന സ്വപ്നത്തിന് ചിറകുകൾ മുളയ്ക്കുന്നു. പുതിയ കെട്ടിട സമുച്ചയം അടക്കമുള്ള സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്നലത്തെ ബഡ്ജറ്റിൽ പത്തുകോടി രൂപ അനുവദിച്ചു.

സർവകാശാലയ്ക്ക് സ്വന്തം ആസ്ഥാനത്തിനായി സ്ഥലം അന്വേഷിക്കുകയാണ്. പത്ത് ഏക്കറിലുള്ള വിശാലമായ കാമ്പസാണ് സർവകലാശാല അധികൃതരുടെ സ്വപ്നം. ഓഫീസ്, കോൺഫറൻസ് ഹാൾ, ലൈബ്രറി തുടങ്ങിയ സാധാരണ സൗകര്യങ്ങൾക്ക് പുറമേ ഗുരുദേവൻ സഞ്ചരിച്ച വഴികൾ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തുന്ന പൈതൃക മ്യൂസിയവും സർവകലാശാല ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പണം അനുവദിച്ച പശ്ചാത്തലത്തിൽ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾക്കൊപ്പം ആസ്ഥാനത്തിന്റെ വിശദ രൂപരേഖ തയ്യാറാക്കാനും തുടങ്ങിയേക്കും.

തോമസ് ഐസക് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഓപ്പൺ സർവകലാശാലയ്ക്ക് 9 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു. അടുത്തിടെ ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായും സർവകലാശാല അധികൃതർ വ്യക്തമാക്കി.

ഓഫ് കാമ്പസുകൾ ഉടൻ

ഓപ്പൺ സർവകലാശാലയുടെ ഓഫ് കാമ്പസുകളെ തിരഞ്ഞെടുക്കാനുള്ള താല്പര്യ പത്രം അഫിലിയേറ്റഡ് കോളേജുകളിൽ നിന്ന് ക്ഷണിച്ചിട്ടുണ്ട്. നിരവധി കോളേജുകൾ ഇതിനോടകം അപേക്ഷിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങൾ കോളേജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാകും കാമ്പസുകൾ തിരഞ്ഞെടുക്കുക.