c

ഒരുലക്ഷം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ നഗരസഭ

കൊല്ലം: കൊല്ലത്തെ പ്രകൃതിസൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ച് ഒരു ലക്ഷം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ നഗരസഭ. ഓരോ ഡിവിഷനുകളിലും 200 വൃക്ഷത്തൈകൾ വിതരണം ചെയ്യും. പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ എന്നിവിടങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിക്കും. പരിസ്ഥിതി ദിനമായ ഇന്നുമുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളായാണ് തൈകൾ നടുന്നത്. തീരദേശമേഖലയ്ക്ക് ഭീഷണിയായ കടൽക്ഷോഭത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ച കാറ്റാടി തൈകളും വച്ചുപിടിപ്പിക്കും. ഒരു മരംപോലും മുറിച്ചുമാറ്റാത്ത തരത്തിലുള്ള പ്രകൃതിസൗഹൃദ വികസനമായിരിക്കും നഗരത്തിൽ നടപ്പാക്കുകയെന്ന് കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന്

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 8ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആശ്രാമത്ത് നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കളക്ടർ ബി. അബ്ദുൽ നാസർ, വനംവകുപ്പ് ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ എന്നിവർ പങ്കെടുക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ് നന്ദിയും പറയും

നടുന്നത് ഇവ

1. പ്ലാവ്

2. മാവ്

3. നെല്ലി

4. അരിനെല്ലി

5. ബ്ലാത്തി

6. ലക്ഷ്മിതരു

7. പേര

8. കാറ്റാടി

പരിപാലനം നഗരസഭയുടെ നിയന്ത്രണത്തിൽ

വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകളുടെ പരിപാലനം നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അധികൃതർ, ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും പരിപാലനവും സംരക്ഷണവും.

സാമൂഹ്യ വനവത്കരണത്തിലൂടെ നഗരത്തെ ഹരിതാഭമാക്കുകയാണ് പ്രധാന ലക്ഷ്യം.

പ്രസന്ന ഏണസ്റ്റ്, കൊല്ലം മേയർ