കൊല്ലം: കോഴിക്കോട് ജില്ലയിലെ കൂമ്പാറയിൽ ക്വാറി, ക്രഷർ വ്യവസായിയെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ക്വാറി, ക്രഷർ ഏകോപനസമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു
പ്രകോപനമില്ലാതെ ഏകപക്ഷീയമായ ആക്രമണമാണ് കൂവമ്പാറയിൽ ഉണ്ടായത്. കോടികൾ മുതൽ മുടക്കി പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്നതും നിയമാനുസൃതം പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കും ഉടമകൾക്കും നേരെ നടക്കുന്ന അക്രമത്തെ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടവർ പോലും മൗനം പാലിക്കുന്നത് ശരിയല്ല. ഇതിനെ സംസ്ഥാനത്തെ ക്വാറി, ക്രഷർ വ്യവസായികൾ ഒറ്റക്കെട്ടായി നേരിടും.
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാത്ത പക്ഷം സംസ്ഥാനത്തെ മുഴുവൻ ക്വാറി ക്രഷർ വ്യവസായവും നിറുത്തിവയ്ക്കേണ്ടി വരുമെന്നും സംസ്ഥാന ക്വാറി ക്രഷർ വ്യവസായ ഏകോപനസമിതി ചെയർമാൻ കലഞ്ഞൂർ മധു, ജനറൽ കൺവീനർ എം.കെ. ബാബു, ട്രഷറർ ഡേവിസ് പാത്താടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.