കൊല്ലം: ജില്ലയിൽ ആയിരം അടുക്കള തോട്ടങ്ങൾ നിർമ്മിക്കാൻ മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പപ്പായ, കോവൽ, പച്ചമുളക്, വഴുതന, വെണ്ട, തക്കാളി, പയർ, കറിവേപ്പില, ഇഞ്ചി, അഗത്തി ചീര എന്നീ പത്തിനം ഭക്ഷ്യവിളകളും ചുവന്ന തുളസി, തുമ്പ, ആടലോടകം, ഞവര, കരിനൊച്ചി, കച്ചോലം എന്നീ ഔഷധ സസ്യങ്ങളുമാണ് അടുക്കള തോട്ടങ്ങളിൽ നിറയുക. ഇന്ന് ചാത്തന്നൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ദിജു, ബ്ളോക്ക് മെമ്പർ നിർമ്മല വർഗീസ്, കെ.സേതുമാധവൻ, പ്രമോദ്, കെ.ബി. മുരളീകൃഷ്ണൻ എന്നിവർ പങ്കെടുക്കും. താലൂക്ക്, യൂണിറ്റ് തലങ്ങളിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുകയെന്ന് ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശും സെക്രട്ടറി മടന്തകോട് രാധാകൃഷ്ണനും അറിയിച്ചു.