c

ചാത്തന്നൂർ: കഴിഞ്ഞ ബുധനാഴ്ച 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കോളനിയിലുള്ളവർക്ക് ചൊവ്വാഴ്ച ആന്റിജൻ പരിശോധന നടത്തുമെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. 150 ൽ അധികം പേർക്കാണ് ഇനി കോളനിയിൽ പരിശോധന നടത്താനുള്ളത്. കൊവിഡ് പരിശോധനാ ക്യാമ്പിന് സമീപം കുഴഞ്ഞുവീണു മരിച്ച സുനിതയ്ക്കും കൊവിഡ് ബാധിച്ചിരുന്നു.

ചാന്നാംപൊയ്കയിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവരിൽ 11 പേരെ പൂതക്കുളം സി.എഫ്.എൽ.ടി.സി.യിലേയ്ക്കും 6 പേരെ നടയ്ക്കൽ ഡി.സി.സി.യിലേയ്ക്കും മാറ്റി. മറ്റുള്ളവരെ അവരവരുടെ വീടുകളിൽത്തന്നെ ചികിത്സയിലാക്കി. എല്ലാ രോഗികൾക്കും ചികിത്സയും ഭക്ഷണവും ഉറപ്പാക്കിയതായി പഞ്ചായത്തംഗം റീന മംഗലത്ത് പറഞ്ഞു. പഞ്ചായത്ത് നേരിട്ടും കുടുംബശ്രീ വഴിയും ഇവർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിക്കും. ഇന്ന് രാവിലെ 10 മുതൽ പാരിപ്പള്ളി ഗവ. എൽ.പി.സ്കൂളിലും ആന്റിജൻ പരിശോധന നടത്തുന്നുണ്ട്.