പാരിപ്പള്ളി: പാരിപ്പള്ളിയിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പാമ്പുറം സംതൃപ്തിയിൽ ജയപ്രകാശിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. കതക് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണാഭരണവും പതിനായിരം രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുകാർ ബന്ധുവിന്റെ മരണത്തിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പാരിപ്പള്ളി എസ്.എച്ച്.ഒ സതികുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.