ശാസ്താംകോട്ട: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലും ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പദ്ധതികളില്ല. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി ഇത്തവണയെങ്കിലും ബൃഹത്തായ പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തടാകത്തിന്റെ നാട്ടുകാർ നിരാശയിലായി. തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി 2002 ൽ റാസർ പട്ടികയിൽ ഉൾപ്പെട്ട ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി പ്രഖ്യാപനങ്ങളല്ലാതെ ക്രിയാത്മകമായ പദ്ധതികളുണ്ടാകാത്തത് തടാകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്.
4.75 ചതുരശ്ര കിലോമീറ്റർ
3.75 ചതുരശ്ര കിലോമീറ്ററിൽ താഴെ
4.75 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതി ഉണ്ടായിരുന്ന തടാകം ഉൾവലിയാൻ തുടങ്ങിയതോടെ 3.75 ചതുരശ്ര കിലോമീറ്ററിൽ താഴെയാണ് ഇന്ന്. ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,തേവലക്കര,പന്മന,ചവറ,നീണ്ടകര പഞ്ചായത്തുകളിലേക്കും കൊല്ലം കോർപ്പറേഷനിലേക്കും കുടിവെള്ളം എത്തിക്കുന്നത് ശാസ്താംകോട്ട തടാകത്തിൽ നിന്നാണ്.
മുടങ്ങിയ പദ്ധതികൾ
പതിറ്റാണ്ടുകളായി തടാക സംരക്ഷണത്തിനായി നിരവധി സമരങ്ങളാണ് നടന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ തടാകസംരക്ഷണ സമിതി നടത്തിയ സമരത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ബദൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും സംസ്ഥാനത്ത് മാറി വന്ന ഇടതു സർക്കാർ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി നടത്തിപ്പിനായി കോടികൾ മുടക്കി വാങ്ങിയ പൈപ്പുകൾ ഇന്നും തടാകതീരത്ത് ഉപേക്ഷിച്ച നിലയിലാണ്.