parakkulam
കല്ലുവാതുക്കൽ പാറക്കുളം

ചാത്തന്നൂർ: കല്ലുവാതുക്കൽ പാറക്കുളം ടൂറിസം പദ്ധതിയിലൂടെ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വികസനത്തിനും വിഭജനത്തിനും വഴിയൊരുങ്ങുമെന്ന് വിദഗ്ദ്ധർ. പാറക്കുളത്ത് ലഭ്യമായ ഭൂമിയിൽ ടൂറിസം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതോടെ വിഭജനത്തിലൂടെ പഞ്ചായത്തിന് നഷ്ടമായേക്കാവുന്ന വരുമാനം തിരിച്ചുപിടിക്കാനാകുമെന്നാണ് കരുതുന്നത്.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. വിഭജിക്കുമ്പോൾ മാതൃപഞ്ചായത്തായ കല്ലുവാതുക്കലിന്റെ പ്രധാന വരുമാന സ്രോതസുകൾ നിലനിറുത്തണമെന്ന ചട്ടമാണ് ഇതിന് പ്രധാന തടസമായിരുന്നത്. ഗവ. മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള പ്രധാന സ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും അടക്കം പാരിപ്പള്ളി കേന്ദ്രീകരിച്ചാണ് എന്നതായിരുന്നു പ്രധാന വെല്ലുവിളി.

പാറക്കുളത്ത് നിലവിലുള്ള പത്തര ഏക്കറിൽ ആറര ഏക്കറോളം പാറ പൊട്ടിച്ചെടുത്തുണ്ടായ കുളമാണ്. ശേഷിക്കുന്ന നാലര ഏക്കറിൽ ടൂറിസം വികസനത്തോടൊപ്പം അനുബന്ധ സംവിധാനങ്ങളും ഒരുക്കാനാകും. ഇതിലൂടെ പഞ്ചായത്ത് വിഭജനം സുഗമമാവുകയും കല്ലുവാതുക്കൽ പഞ്ചായത്തിൽ പുതിയ വരുമാന സ്രോതസുകൾ രൂപപ്പെടുകയും ചെയ്യും.

പാറക്കുളം വികസനത്തിന് ഭൂമി ഏറ്റെടുത്താൽ

 ചാത്തന്നൂർ താലൂക്ക് യാഥാർത്ഥ്യമാകുമ്പോൾ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം ലഭിക്കും

 കുളം സ്ഥിതി ചെയ്യുന്നതിനാൽ ചാത്തന്നൂരിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫയർസ്റ്റേഷൻ ഇവിടെ പ്രവർത്തിപ്പിക്കാം

 ഗ്രാമപഞ്ചായത്ത് ഓഫീസ് ഇവിടേക്ക് മാറ്റിയാൽ കല്ലുവാതുക്കൽ ജംഗ്ഷനിൽ ഷോപ്പിംഗ് കോംപ്ലക്സിന് സ്ഥലം ലഭിക്കും

 ടൂറിസം പദ്ധതിക്ക് അനുബന്ധമായി സർക്കാർ ആയുർവേദ - സിദ്ധ ചികിത്സാ കേന്ദ്രങ്ങളും തുടങ്ങാം

 കല്ലുവാതുക്കൽ പോസ്റ്റ് ഓഫീസും ഇവിടേക്ക് മാറ്റി സ്ഥാപിക്കാം