nh

കൊല്ലം : ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന് ആവശ്യമായ ഫണ്ടിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെ സ്ഥലമേറ്റെടുപ്പ് ജോലികൾ പൂർത്തിയാക്കി ആഗസ്റ്റിൽ നി‌ർമ്മാണം ആരംഭിക്കും.

കടമ്പാട്ടുകോണം മുതൽ കൊല്ലം ബൈപ്പാസ് വരെയുള്ള ഭാഗത്തിന് 2,704.64 കോടി രൂപയുടെയും കൊല്ലം ബൈപ്പാസിൽ നിന്ന് കായംകുളം കൊറ്റുകുളങ്ങര വരെയുള്ള റീച്ചിന് 2,835.24 കോടിരൂപയുടെയും അംഗീകാരമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകിയത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിഥിൻ ഗഡ്ഗരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ദേശീയപാതകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.

കേരളത്തിൽ ലോകനിലവാരമുള്ള ദേശീയപാത നിർമ്മാണം, സങ്കല്പത്തിൽനിന്ന് നിർവഹണത്തിലേക്ക് എത്തുകയാണെന്നാണ് നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചത്. രണ്ടുമാസത്തിനകം നിർമ്മാണനടപടികൾക്ക് തുടക്കംകുറിക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറഞ്ഞു. ആലപ്പുഴ കൊറ്റുകുളങ്ങര മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണംവരെ രണ്ടു റീച്ചായി പാത നിർമിക്കുന്നതിന് 2,468 കോടിയുടെ പദ്ധതിക്കാണ് കഴിഞ്ഞ ഡിസംബറിൽ ടെൻണ്ടർ ക്ഷണിച്ചത്.

രണ്ടുവർഷം മുമ്പാണ് ആറുവരിപ്പാതയ്ക്കുള്ള നടപടികൾ ആരംഭിച്ചത്. പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ വിലനിർണയ നടപടികൾ പൂർത്തീകരിക്കുന്നതിന് മുൻപാണ് ടെൻണ്ടർ വിളിച്ചത്.

#ഏറ്രെടുക്കുന്നത് 64 ഹെക്ടർ

അറുപത്തിനാല് ഹെക്ടർ സ്ഥലമാണ് ആകെ ഏറ്റെടുക്കുന്നത്. ഇതിൽ 30 ഹെക്ടറിന്റെ നടപടിയായിക്കഴിഞ്ഞു. ആഗസ്റ്റോടെ സ്ഥലമെടുപ്പ് പൂർത്തിയാകും. തുടർന്ന് ഉടമകൾക്ക് തുക കൊടുത്തുതുടങ്ങും. അതിനുശേഷം കരാറുകാരന് ഭൂമി കൈമാറി കെട്ടിടങ്ങളും മറ്റും നിരത്തി വീതികൂട്ടൽ നടപടികൾ ആരംഭിക്കും.

കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപ്പാസിന്റെ കാവനാട് ആൽത്തറമൂടുവരെയുള്ള റീച്ചിന് 1,185.27 കോടി രൂപ അടങ്കൽത്തുക വച്ചാണ് ടെൻണ്ടർ ക്ഷണിച്ചിരുന്നത്. കാവനാട്-കടമ്പാട്ടുകോണം റീച്ചിന് 1,282.88 കോടി രൂപയും അടങ്കൽത്തുക നിശ്ചയിച്ചിരുന്നു. ജനുവരിയിലായിരുന്നു ടെൻണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി.

തുറവൂർമുതൽ കഴക്കൂട്ടംവരെ 173 കിലോമീറ്ററാണ് ദേശീയപാത 66 വികസനം നടക്കുന്നത്.

#പുതിയ പാലങ്ങൾ,

സർവ്വീസ് റോഡുകൾ...

ദേശീയപാത ആറുവരിയായി മാറുമ്പോൾ നിലവിലെ പാലങ്ങൾക്ക് സമാന്തരമായി പുതിയപാലങ്ങൾ നിർമ്മിക്കും. ആകെ 45 മീറ്ററിലാണ് ദേശീയപാത. 29 മീറ്ററിലാണ് ആറുവരിപ്പാതയുടെ ടാറിംഗ് നടത്തുക 7.5 മീറ്റർ ഇരുവശവും സർവീസ് റോഡ് ഉണ്ടാകും. നിർമ്മാണം പൂർത്തിയാക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വേണ്ടിവരും.