chi

ഇടുക്കി : വീട്ടമ്മയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാസം രണ്ട് കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. കട്ടപ്പന കൊച്ചുതോവാള, കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെയാണ് (60) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളും ബന്ധുക്കളുമുൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ പുറത്തുനിന്ന് ആരെങ്കിലും വന്നു പോയതിന്റെ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഭർത്താവ് ജോർജിനെയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൊഴികളിലെ പൊരുത്തക്കേടും അന്വേഷണം അയാളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി.

നുണപരിശോധനയിലൂടെ ജോർജിൽ നിന്ന് സത്യം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. നുണ പരിശോധയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് ജോർജ് രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കൊവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം കോടതി അവധിയായതിനാൽ നുണപരിശോധനാ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല. എന്നുമാത്രമല്ല, സംശയിക്കുന്നവരെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനും കഴിയാതെ അവസ്ഥയിലാണ് പൊലീസ്.

വായിൽ തുണി തിരുകി,

കാലുകൾ ബന്ധിച്ച്...

ഏപ്രിൽ 8ന് രാത്രിയാണ് ചിന്നമ്മ കട്ടപ്പനയിലുള്ള വീടിന്റെ താഴത്തെ നിലയിലെ ബെഡ് റൂമിൽ കൊല്ലപ്പെടുന്നത്. ചിന്നമ്മയും ഭർത്താവ് ജോർജും മാത്രമേ സംഭവ ദിവസം വീട്ടിലുണ്ടായിരുന്നുള്ളൂ. ജോർജ് മുകൾനിലയിലെ റൂമിലാണ് കിടന്നിരുന്നത്. പുലർച്ചെ നാലുമണിയോടെ ഉറക്കമുണർന്ന് താഴത്തെ നിലയിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ചിന്നമ്മയെ കണ്ടത്. വായിൽ തുണി തിരുകി, കാലുകൾ ബന്ധിച്ച നിലയിലായിരുന്നു.

ചിന്നമ്മയുടെ ആഭരണങ്ങൾ കാണാനില്ലെന്ന ജോർജിന്റെ മൊഴിയാണ് കേസിൽ ദുരൂഹത വർദ്ധിപ്പിച്ചത്.

കൊലപാതകം

മോഷണത്തിനിടെ ?

വീട്ടിൽ നിൽക്കുമ്പോഴും ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി നടക്കുന്ന പ്രകൃതക്കാരിയിരുന്നു ചിന്നമ്മ. മാലയും വളയുമുൾപ്പടെ ചിന്നമ്മയുടെ നാല് പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ജോർജ് മൊഴി നൽകിയതിനാൽ മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിലയിലായിരുന്നു അന്വേഷണം. എന്നാൽ, മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. ചിന്നമ്മയുടെ മാലയും വളകളുമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇവ ബലംപ്രയോഗിച്ച് ഊരിയെടുത്തിന്റെ സൂചനകളോ പരിക്കുകളോ മൃതദേഹത്തിൽ കണ്ടെത്താനായില്ല.

പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. വീടിനുള്ളിൽനിന്ന് മണം പിടിച്ച പൊലീസ് നായ വീട്ടുപരിസരം വിട്ട് പുറത്തേക്ക് പോയതുമില്ല.

മോഷണത്തിനായി ആരെങ്കിലും അവിടെ എത്തിയോയെന്ന് കണ്ടെത്താനായി പരിസരത്തെ സിസി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം വീട്ടിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നഷ്ടപ്പെട്ടതായി പറയുന്ന ആഭരണങ്ങൾ വീട്ടിലോ പരിസരത്തോ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ വീട്ടിലും പരിസരത്തും മെറ്റൽ ഡിറ്റക്ടറുപയോഗിച്ച് പരിശോധനകൾ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

അന്വേഷണത്തിന്

തടസമായി കൊവിഡ്

ചിന്നമ്മയുടെ ഭർത്താവ് ജോർജ്, വീട്ടിൽ തടിപ്പണിക്കായും മറ്റും എത്തിയ തൊഴിലാളികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ പൊലീസ് പലഘട്ടങ്ങളിലായി ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ആളുകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താനോ മുഴുവൻ സമയവും അന്വേഷണത്തിൽ മുഴുകാനോ അവർക്ക് സാധിക്കുന്നില്ല.

പിൻവാതിൽ

തുറന്നിട്ടതാര്?

സംഭവദിവസം വീടിന്റെ താഴത്തെ നിലയിലെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ചിന്നമ്മയുടെ ആഭരണങ്ങൾ നഷ്ടമായതും കതക് തുറന്നിട്ട നിലയിൽ കാണപ്പെട്ടതുമാണ് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് സംശയിക്കാൻ കാരണം. എന്നാൽ, പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം ഡോഗ് സ്ക്വാഡിനോ ഫിംഗ ർ പ്രിന്റ് വിദഗ്ദർക്കോ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. മാത്രമല്ല പ്രദേശത്തെ സി.സി ടി.വി കാമറകളിലോ സൈബർ സഹായത്തോടെ നടത്തിയ മൊബൈൽ ടവർ പരിശോധനകളിലോ അപരിചിതരുടെ സാന്നിദ്ധ്യം വ്യക്തമല്ല. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് വീടും പരിസരവും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

നാട്ടുകാർക്ക് സംശയം

വീട്ടുകാരനെ

ചിന്നമ്മ കൊല്ലപ്പെട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്നിരിക്കെ, ഭർത്താവ് ജോർജാണ് കൃത്യം നിർവഹിച്ചതെന്നാണ് നാട്ടുകാരിൽ ഒരുവിഭാഗത്തിന്റെ ആരോപണം. നാളിതുവരെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുനിന്നാരെയും സംശയകരമായി കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവ് ശേഖരണത്തിലും പുറത്തുനിന്നാരുടെയും വിരലടയാളമോ സാന്നിദ്ധ്യമോ അറിയാനും കഴിഞ്ഞില്ല. സംഭവദിവസം ചിന്നമ്മയും ജോർജും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതോടെയാണ് ജോർജ് സംശയ നിഴലിലായതും നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചതും. ജോർജിന്റെ സമ്മതം രേഖപ്പെടുത്തിയാൽ മാത്രമേ നുണ പരിശോധന നടത്താൻ അനുമതി നൽകിക്കൊണ്ട് കോടതി ഉത്തരവ് ലഭിക്കൂ. അതേസമയം, അന്വേഷണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിലിന് രൂപം നൽകി. എന്നാൽ ഇതിൽ ചിന്നമ്മയുടെ കുടുംബാംഗങ്ങൾ ആരും തന്നെയില്ല. പ്രതി ജോർജാണെന്ന സംശയത്തിലേക്ക് ഇത് നാട്ടുകാരെ കൊണ്ടെത്തിച്ചിരിക്കുകയാണ്.