കൊട്ടാരക്കര: കേരളത്തിലെ സാങ്കേതിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ ഓൾകേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ നാളെ സർക്കാരിന്റെ അവഗണനക്കെതിരെ പ്രതിഷേധിക്കുന്നു. അസോസിയേഷനിലെ അംഗങ്ങൾ രാവിലെ 11മണിക്ക് കുടുംബാംഗങ്ങളുമൊത്ത് വീട്ടുമുറ്റത്തിരുന്നാണ് പ്രതിഷേധിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലായ സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റി ബിൽ എന്നിവയിൽ ഇളവ് അനു വദിക്കുക, ബാങ്കുകളുടെ ജപ്തി നടപടി നിറുത്തി വയ്പ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികൾ സമരത്തിനു നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ഷഹീർ അലി, കൊല്ലം ജില്ലാ പ്രസിഡന്റ് വി. വിജേഷ് , ജില്ലാ സെക്രട്ടറി ഷെറീന എന്നിവർ അറിയിച്ചു.