എഴുകോൺ: ആഫ്രിക്കൻ ഒച്ച് പോലെ അപകടകാരികളായ അധിനിവേശ കീടങ്ങളുടെ നിയന്ത്രണം സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. എൻ .ബാലഗോപാൽ പറഞ്ഞു. പരിസ്ഥിതി ദിനത്തിൽ എഴുകോൺ പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ച് നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഫ്രിക്കൻ ഒച്ച് നിർമാർജ്ജനവുമായി ബന്ധപ്പെട്ട് എഴുകോൺ പഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ കാർഷിക സർവകലാശാലയുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ സംസ്ഥാന വ്യാപകമായി പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. പരിസരശുചീകരണവും ജനകൂട്ടയ്മയും ഉണ്ടെങ്കിൽ മാത്രമേ ആഫ്രിക്കൻ ഒച്ച് നിവാരണം പോലെയുള്ള പ്രവർത്തനങ്ങൾ ഫലം കാണുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഒച്ച് കെണി ഒരുക്കുന്നത് ആവശ്യമായ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ റസിഡൻസ് അസോസിയേഷനുകൾക്ക് മന്ത്രി വിതരണം ചെയ്തു. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തളിലിന്റെ അദ്ധ്യക്ഷതയിൽ എഴുകോൺ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ഹരികുമാർ, സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് ഡോ.ലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, എഴുകോൺ കൃഷി ഓഫീസർ അനുഷ്‌മ, കൃഷി അസിസ്റ്റന്റ് ഷീജ ഗോപാൽ, രാഷ്ട്രീയ നേതാക്കൾ, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ മഥനമോഹനൻ, രാജേന്ദ്രപ്രസാദ്, ജയപ്രകാശ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.