car

 ടൂറിസത്തിന് ഉണർവേകും

കൊല്ലം: കരയിലും ജലാശയത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ആംഫീബിയൻ സർവീസ് ആരംഭിക്കുന്നതോടെ ജില്ലയിലെ ടൂറിസത്തിന് പുതിയ കുതിപ്പേകും. ടൂറിസം സാദ്ധ്യത മുന്നിൽ കണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് പ്രഖ്യാപനം നടത്തിയത്.

എന്നാൽ ടൂറിസം സാദ്ധ്യതകൾക്ക് തുരങ്കം വയ്ക്കുന്നതിൽ ഒട്ടും പിന്നിലല്ലെന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്. സീ പ്ലെയിൻ പദ്ധതി പൂർത്തീകരണഘട്ടത്തിലെത്തിയപ്പോഴാണ് പ്രതിഷേധം ഉയർന്നതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും. അഷ്ടമുടിയുടെ സൗന്ദര്യം ആസ്വദിക്കുന്ന 'സീ അഷ്ടമുടി' പദ്ധതിയും പാതിവഴിയിലാണ്. യാത്രാബോട്ട് ഉൾപ്പെടെ സജ്ജീകരിച്ചെങ്കിലും സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

കസ്റ്റംസ് തീരുവയിൽ കുടുങ്ങി

മുംബയിൽ 2016ൽ വാങ്ങിയ ആംഫീബിയൻ ബസിന് ഇതുവരെ സർവീസ് നടത്താനായിട്ടില്ല. ബസെങ്കിൽ 45 ഉം ജലയാനമെങ്കിൽ 225 ശതമാനവുമാണ് കസ്റ്റംസ് തീരുവ. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിൽ ആംഫീബിയൻ ബസിന് മറൈൻ സർട്ടിഫിക്കേഷൻ മാത്രമാണുള്ളത്. 2016 ലെ മോട്ടോർ വാഹന ഭേദഗതി ബില്ലിൽ ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അവതരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പിന്നീട് പഞ്ചാബും ഗോവയും ഇത്തരം ബസുകൾ വാങ്ങിയെങ്കിലും നിരത്തിലോ ജലത്തിലോ ഇറക്കാനായിട്ടില്ല.

പറന്നുയരാതെ സീ പ്ലെയിൻ

2013 ജൂൺ 2ന് കൊല്ലത്ത് സീ പ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പ് തുടക്കമിട്ടെങ്കിലും എതിർപ്പ് മൂലം പറന്നില്ല. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഇതിനായി കൊല്ലം, കൊച്ചി ബോൾഗാട്ടി, കണ്ണൂർ, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർഡ്രോം നിർമ്മിക്കുകയും ചെയ്തു. സർവീസ് നടത്തിപ്പിന് കൈരളി ഏവിയേഷൻ എന്ന കമ്പനി സീപ്ലെയിൻ കൊല്ലത്തെത്തിക്കുകയും ചെയ്തിരുന്നു.

ആംഫീബിയൻ ആശയം നേരത്തെയും

1. സർവീസിന് പകരം വീടായിരുന്നു ആശയം

2. മൺറോത്തുരുത്തിൽ വേലിയേറ്റത്തെ ചെറുക്കാൻ കെൽപ്പുള്ള വീട് പ്രദേശവാസിയായ ഗോപിനാഥനുവേണ്ടിയാണ് സി.പി.എം നിർമ്മിച്ച് നൽകിയത്

3. ഭാരംകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം

4. വെള്ളപ്പൊക്കമുണ്ടായാൽ വീട് മുകളിലേക്ക് ഉയരും

5. മികച്ച സുരക്ഷിതത്വം ഉറപ്പ് നൽകുന്നു

സ്വയം പ്രവർത്തന ആദ്യ ആംഫീബിയൻ വാഹനം: 1,805ൽ (യു.എസ്)
പേര്: ഓർക്കൂട്ടർ ആംഫീബിലോസ്
നിർമ്മിച്ചത്: ഒലിവർ ഇവാൻസ്
ഇന്ധനം: നീരാവി

പരിഷ്കരിച്ച രൂപം: 2010ൽ
നിർമ്മിച്ചത്: വാട്ടർകാർ, കാലിഫോർണിയ
കരയിലെ വേഗത: പരമാവധി 204 കിലോ മീറ്റർ
ജലത്തിലെ വേഗത: 96 കിലോ മീറ്റർ

(വേഗത ഗിന്നസ് ലോക റെക്കാഡ്)