കൊട്ടാരക്കര : പ്രകൃതിക്കും കർഷകനുമൊപ്പം എന്ന സന്ദേശത്തോടെ മന്ത്രി കെ.എൻ.ബാലഗോപാൽ ആവിഷ്കരിച്ച നേച്ചർ കൊട്ടാരക്കരയ്ക്ക് തുടക്കമായി. ഓടനാവട്ടത്തെ ഗവ. വിദ്യാലയ മുറ്റത്ത് കുട്ടികളുമൊത്ത് പ്ലാവിൻ തൈ നട്ട് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. വെളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലത്തിൽ പരിസ്ഥിതി കാർഷിക സംരക്ഷണ പ്രവർത്തനങ്ങൾ ജന പങ്കാളിത്തത്തോടെ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് നേച്ചർ കൊട്ടാരക്കര. വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുക, പച്ചക്കറി ഗ്രാമങ്ങൾ, നെൽവയൽ വ്യാപനം, തരിശു രഹിത കൊട്ടാരക്കര, ക്ഷീര കൃഷിയിൽ സ്വയം പര്യാപ്തത, നീർത്തട ങ്ങളുടെയും നീർച്ചാലുകളുടെയും വീണ്ടെടുക്കലും സംരക്ഷണവും,ദോഷകരമായ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ ഒഴിവാക്കൽ, മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്കാണ് നേച്ചർ കൊട്ടാരക്കര ഊന്നൽ നൽകുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ, കുടുംബ ശ്രീ, സ്വയം സഹായ സംഘങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്നാണ് നേച്ചർ കൊട്ടാരക്കരയുടെ പ്രവർത്തനം.