കുന്നത്തൂർ : കുന്നത്തൂർ - കരുനാഗപ്പള്ളി താലൂക്കുകളിലെ കുടിവെള്ളക്ഷാമം രൂക്ഷമായ വിവിധ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സംയോജിത കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. വസ്തു ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾക്കും തുടക്കമായി. കുന്നത്തൂർ പഞ്ചായത്തിലെ അമ്പുവിളയിൽ ഒന്നര ഏക്കർ ഭൂമിയാണ് പദ്ധതി നടത്തിപ്പിനായി ഏറ്റെടുക്കുന്നത്. കല്ലടയാറ്റിലെ ജലസ്രോതസാണ് കുടിവെള്ള പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത്. കുന്നത്തൂർ - കരുനാഗപ്പള്ളി സംയോജിത കുടിവെള്ള പദ്ധതി ആരംഭിക്കണമെന്ന് പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് സർക്കാരിന് നിവേദനം നൽകിയിരുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ എം.എൽ.എമാരായ സി.ആർ.മഹേഷ്,കോവൂർ കുഞ്ഞുമോൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ബി.ഡി.ഒ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഗുണഭോക്താക്കൾ
കുന്നത്തൂർ
ശൂരനാട് വടക്ക്
പോരുവഴി
തഴവ
കുലശേഖരപുരം
തൊടിയൂർ
സെപ്തംബറിൽ പദ്ധതി പൂർത്തിയാകും
പഞ്ചായത്തുകളുടെ വിഹിതവും സർക്കാർ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ആറ് പഞ്ചായത്തുകളിലെയും വിഹിതം കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. 2022 സെപ്തംബറിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക കുടിവെള്ള പദ്ധതികൾ കാര്യക്ഷമമല്ലാത്തതിനാലാണ് പുതിയൊരു പദ്ധതിക്ക് രൂപം നൽകിയത്.
ഞാങ്കടവ് പദ്ധതിയിൽ ഉൾപ്പെട്ടില്ല
ശാസ്താംകോട്ട തടാകത്തിലെ പമ്പിംഗ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം നഗര പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ടി ആരംഭിച്ച ഞാങ്കടവ് പദ്ധതിയിൽ കുന്നത്തൂർ അടക്കമുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.മുൻ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് വകുപ്പ് മന്ത്രിയായിരുന്ന കെ.കൃഷ്ണൻ കുട്ടിക്ക് നൽകിയ നിവേദനത്തെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ തുടർ നടപടികളുണ്ടായില്ല.