ajumal-sha-32

ചവറ: കൊവിഡാനന്തര പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ എൻജിനിയർ മരിച്ചു. തേവലക്കര കൈമവീട്ടിൽ പരേതനായ സുബൈർ കുഞ്ഞിന്റെയും ആമിനാ ബീവിയുടെയും മകൻ അജ്മൽഷാ കൈമൂടനാണ് (32) മരിച്ചത്.

രണ്ടാഴ്ച മുമ്പ് കൊവിഡ് പോസിറ്റീവായ അജ്മൽഷായെ ചവറ സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായി നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. കുഴഞ്ഞുവീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.

തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ പക്ഷാഘാതം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. വിദഗ്ദ്ധ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർജറി നടത്തിയെങ്കിലും ആരോഗ്യനില വഷളായി ഇന്നലെ രാവിലെ മരിച്ചു.
സിവിൽ എൻജിനിയറായ അജ്മൽഷാ തേവലക്കരയിൽ ലൈസൻസിഡ് കൺസൾട്ടൻസിയായി ഹോംലൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കബറടക്കം നടത്തി. ഭാര്യ: ഷെമി. നാല് വയസുകാരൻ സയാനാണ് മകൻ. സഹോദരങ്ങൾ: നുജുംഷാ, നെജീംഷാ.