കൊല്ലം: എസ്.എൻ കോളേജിലെ 17 പഠന വകുപ്പുകളിലെ മൂവായിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ലോക പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീട്ടുമുറ്റത്തും പറമ്പിലും വൃക്ഷത്തൈകൾ നട്ടു. സ്വന്തമായി സ്ഥലമില്ലാത്ത കുട്ടികൾക്ക് വൃക്ഷത്തൈകൾ ക്യാമ്പസിൽ നടുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് വിവിധ ഡിപ്പാർട്ട്മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പരിസ്ഥിതി സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഡോ. എസ്. അമ്പിളി, ബയോഡൈവേഴ്സിറ്റി കോ ഓർഡിനേറ്റർ ഡോ. എൻ. രതീഷ്, ഭൂമി മിത്ര സേനാ ക്ലബ് കോ-ഓർഡിനേറ്റർ ഡോ.എസ്. ഷീബ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എസ്.വി. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.