കൊല്ലം: കെ.എസ്.ആർ.ടി.സി ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് വകയിരുത്തിയ 300 കോടി രൂപയിലെ ആദ്യഗഡുവായ 100 കോടി ഈ വർഷം കൈമാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം മൈതാനത്ത് മാവിൻ തൈ നട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 10,000 ഇ - ബൈക്കുകൾക്കും 5,000 ഇ - ഓട്ടോറിക്ഷകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കും. പരിസ്ഥിതി സൗഹാർദ്ദ നടപടികളെ ശക്തിപ്പെടുത്തുന്നതിനാണിത്.
കൊല്ലം കോർപ്പറേഷന്റെയും സാമൂഹിക വനവത്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇരവിപുരം എം.എൽ.എ എം. നൗഷാദ്, മേയർ പ്രസന്ന ഏണെസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ ഫലവൃക്ഷ തൈകൾ നട്ടു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.