കൊട്ടാരക്കര: പെരുംകുളം നടുവത്ര ഏലയിൽ വീണ്ടും വിത്തുവിതമേളം. 23 വർഷത്തിന് ശേഷമാണ് നടുവത്ര ഏലയിൽ നെൽക്കൃഷിയ്ക്കായി വിത്തെറിഞ്ഞത്. പെരുംകുളം കൈരളി കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽക്കൃഷി തിരികെ കൊണ്ടുവന്നത്. കൈരളിയുടെ നേതൃത്വത്തിൽ വയൽ വാണിഭവും മറ്റ് കലാസാംസ്കാരിക പ്രവർത്തനങ്ങളുമെല്ലാം ഇവിടെ നടത്തിയിരുന്നു. റോഡിൽ സൊറവരമ്പ് എന്ന പേരിൽ മനോഹരമായ പാർക്ക് നിർമ്മിക്കുകയും ആഴ്ച ചന്തകൾ തുടങ്ങുകയുമുണ്ടായി. ഇതിന് ശേഷമാണ് പ്രവർത്തകർ നെൽക്കൃഷി തിരികെ കൊണ്ടുവരാൻ ആലോചിച്ചത്. നാടിന്റെ പൂർണ പിന്തുണ ലഭിച്ചതോടെ കൈരളിയുടെ പ്രവർത്തകരും ബാപ്പുജി സ്മാരക വായനശാല പ്രവർത്തകരും നാട്ടുകാരും ഏലായിലേക്ക് ഇറങ്ങി.
വയലിലെ ചെളിയുത്സവം
മണ്ണ് കോരി വരമ്പ് പിടിച്ച് നിലമൊരുക്കിയെടുത്തു. മുതിർന്നവരുടെ കാർഷികവേലകൾ കുട്ടികൾക്ക് ആവേശമായി. അവരൊന്നിച്ചെത്തിയപ്പോൾ അത് വയലിലെ ചെളിയുത്സവത്തിനും അവസരമൊരുക്കുകയായിരുന്നു. കൊവിഡിന്റെ ദുരിതങ്ങൾക്കിടയിലും നാടിന്റെ കാർഷിക മനസിനെ ഉണർത്തിക്കൊണ്ടാണ് സംഘാടകർ നെൽക്കൃഷിയ്ക്കായി നിലമൊരുക്കിയത്. കുളക്കട കൃഷിഭവൻ മനു രത്ന എന്ന വിത്ത് എത്തിച്ചുനൽകി. 90-95 ദിവസംകൊണ്ട് വിളവെടുക്കാവുന്നതാണ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഈ നെൽവിത്ത്. ഒപ്പം മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ച പേരിടാത്ത മൂന്നിനം നെൽവിത്തുകളും പരീക്ഷണ അടിസ്ഥാനത്തിൽ ഇവിടെ വിതച്ചു.
മന്ത്രി വിത്തെറിഞ്ഞു
ഇന്നലെ ഉച്ചയോടെ നടുവത്ര ഏലായിലെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ വിത്ത് വിതച്ച് നെൽക്കൃഷി ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, കൈരളി പ്രസിഡന്റ് പെരുംകുളം രാജീവ്, സെക്രട്ടറി എൻ.രാജേഷ് കുമാർ, ട്രഷറർ ആർ,സതീഷ് ലാൽ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് കുളക്കട, വാർഡ് മെമ്പർ അഖിലാ മോഹൻ, മൈലം പഞ്ചായത്തംഗം സുരേഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ബാപ്പുജി കർഷക കൂട്ടായ്മയുടെയും യുവതയുടെയും പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വിത്തുവിതച്ചപ്പോൾ കണ്ടുനിന്നവരെല്ലാം ആർപ്പോ വിളിച്ച് ആവേശമറിയിച്ചു.