fire

ചാത്തന്നൂർ: പാചകത്തിനിടെ അണ‌ഞ്ഞ ഗ്യാസ് സ്റ്റൗ കത്തിക്കാനുള്ള ശ്രമത്തിനിടെ തീ പടർന്ന് വീട് കത്തിനശിച്ചു. ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കല്ലുവാതുക്കൽ കുളത്തൂർക്കോണം സ്വദേശി സുഗുണന്റെ (53) വീടാണ് കത്തിനശിച്ചത്.

ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം. സുഗുണൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. രാവിലെ പാചകം ചെയ്യുന്നതിന് ഗ്യാസ് സ്റ്റൗ കത്തിച്ച ശേഷം പുറത്തുപോയി വന്നപ്പോൾ പാത്രത്തിലെ വെള്ളം തിളച്ചുവീണ് സ്റ്റൗ അണഞ്ഞു. പാചകവാതകം പുറത്തേയ്ക്ക് വരുന്നത് ഓർക്കാതെ വീണ്ടും സ്റ്റൗ കത്തിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. അടുക്കളയും അടുക്കളയോട് ചേർന്ന ഒറ്റമുറിയിലെ വീട്ടുപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.

പഞ്ചായത്തംഗം രഞ്ജിത്ത് മോന്റെ നേതൃത്വത്തിൽ നാട്ടുകാർ സുഗുണനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.