tech

ശാസ്താംകോട്ട: കൊവിഡിന്റെ ആദ്യ വരവിൽ തന്നെ ദുരിതത്തിലായ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാദ്ധ്യതകൾ കുറഞ്ഞതോടെ പാരലൽ കോളേജ് ഒരു അടഞ്ഞ അദ്ധ്യായമായി മാറുകയാണ്. സ്കൂളുകളുടെ നാലിരട്ടിയോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. അഭ്യസ്ത വിദ്യരായ പതിനായിരത്തോളം പേരുടെ ആശ്രയമായിരുന്നു സമാന്തര വിദ്യാഭ്യാസ മേഖല.

വരുമാനം നിലച്ചു

ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ആഴ്ച്ചകൾക്ക് മുമ്പ് അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ പിന്നീട് മാസങ്ങൾക്ക് ശേഷം തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും കൊവിഡ് ഭീതിയിൽ കുട്ടികൾ എത്തിയില്ല. അതോടെ പല സ്ഥാപനങ്ങളും ഒരു മാസത്തിനുള്ളിൽ പൂട്ടി. പിന്നീട് ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചെങ്കിലും വരുമാനം കുറഞ്ഞതോടെ അദ്ധ്യാപകർക്ക് മതിയായ വേതനം നൽകാൻ കഴിയാതെ വന്നു. അതും സ്ഥാപന ഉടമകളെ പ്രതിസന്ധിയിലാക്കി.

സർക്കാർ ആനുകൂല്യങ്ങളില്ല

ബാങ്ക് വായ്പ്പ എടുത്തും കടം വാങ്ങിയും ട്യൂഷൻ സെന്ററുകൾ നിർമ്മിച്ചവർ കടക്കെണിയിലായി. ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തെ ആശ്രയിച്ച് ഉപരി പഠനം നടത്തിയിരുന്ന നിർദ്ധന കുടുംബങ്ങളിലുള്ളവരുടെയും വഴിയടഞ്ഞു. സർക്കാർ ജോലിക്കായി കാത്തിരുന്ന് നിയമനങ്ങൾ കിട്ടാതെ പോയ ആയിരക്കണക്കിനാളുകളുടെ ഉപജീവന മാർഗം വഴിമുട്ടിയതോടെ കുടുംബം പട്ടിണിയിലായി. ക്ഷേമനിധി ഉൾപ്പടെയുള്ള ഒരു സർക്കാർ ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കുന്നില്ല. സമാന്തര വിദ്യാഭ്യാസ മേഖലയിൽ പണിയെടുക്കുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആവശ്യം.