കൊട്ടാരക്കര: പുലമൺ ഗോവിന്ദമംഗലം റോഡിൽ നിന്ന് പുലമൺ മാർത്തോമ്മാ പള്ളി,കാത്തോലിക്കാ പള്ളി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ഏറെനാളുകളായി റോഡ് തകർന്ന് കുണ്ടും കുഴിയുമായി കാൽനടയാത്രപോലും സാധിക്കാത്ത നിലയിലാണ്. എം.സി റോഡിൽ നിന്ന് ഗോവിന്ദമംഗലം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം സ്വകാര്യ വ്യക്തികൾ കയ്യേറി കെട്ടിടം കെട്ടിയതിനാൽ മഴപെയ്താൽ വെള്ളം ഒലിച്ചുപോകാതെ വെള്ളക്കെട്ട് രൂപപ്പെടുന്നതും ഓടകൾ തകർന്നതും റോഡ് തകരാൻ കാരണമായതായി നാട്ടുകാർ പറയുന്നു. മാത്രമല്ല പുലമണിലെ ഇടറോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. തകർന്ന റോഡുകൾ എത്രയും വേഗം അറ്റകുറ്റ പണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് പുലമൺ റെയിൻബോ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.. ഇതു സംബന്ധിച്ച് അസോസിയേഷൻ പ്രസിഡന്റ് എം.രാജനും സെക്രട്ടറി പി.ജോണും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.