fish

 ട്രോളിംഗ് നിരോധനത്തിന് ഇനി രണ്ടുനാൾ

കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിക്കും മുമ്പേ മത്സ്യവില പൊള്ളുന്നു. ബോട്ടുകൾക്കും വള്ളങ്ങൾക്കും ഇപ്പോൾ കാര്യമായി കോള് ലഭിക്കുന്നില്ല. നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പ് വരുന്നതിനാൽ ദിവസങ്ങളോളം കടലിൽ കിടക്കുന്ന ബോട്ടുകളിൽ വലിയൊരു വിഭാഗം മത്സ്യബന്ധനത്തിന് പോകുന്നില്ല.

വള്ളങ്ങൾക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകൾക്ക് അയലയും കണ്ണൻകൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്ട്രേഷൻ നമ്പരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തിൽ പകുതിയോളം വള്ളങ്ങളും ബോട്ടുകളും മാത്രമാണ് കടലിൽ പോകുന്നത്. അതുകൊണ്ട് തന്നെ ലേലം നിരോധിച്ചിരിക്കുകയാണെങ്കിലും ഹാർബറുകളിൽ കച്ചവടക്കാർ തമ്മിൽ മത്സരം കൊഴുക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും ഭാഗമായി അടഞ്ഞുകിടന്ന ഹാർബറുകൾ രണ്ടാഴ്ച മുമ്പ് തുറന്നപ്പോൾ മത്സ്യത്തിന്റെ ന്യായവില പുതുക്കി നിശ്ചയിച്ചിരുന്നു. മത്സ്യലഭ്യത ഉയരുമ്പോൾ ന്യായവില താഴുമെന്നാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോൾ മറിച്ചാണ് സംഭവിക്കുന്നത്.

ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ ശക്തികുളങ്ങര ഹാർബർ പൂർണമായും അടയും. ഇതോടെ കൊല്ലത്തിന് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലും മത്സ്യവില കൂടുതൽ ഉയരും.


മത്സ്യവില (കൊല്ലം തീരം)

ഇനം, കഴിഞ്ഞ മാസം 24ന് നിശ്ചയിച്ചത്, കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചത് (കിലോ)

ചൂര വലുത് - 230, 250-280

കേര ചൂ ര- 210, 180- 220

അയല ഇടത്തരം - 220, 200-240

നെത്തോലി - 100, 70-100

ചെമ്പല്ലി - 300, 280- 340

പരവ ചെറുത് - 300, 250-300

കിളിമീൻ ഇടത്തരം - 230, 200-230

ചാള - 200, 200- 250

വേളാപാര - 350, 350-400

''

ഹാർബറുകൾ അടഞ്ഞുകിടന്ന ശേഷം തുറക്കുമ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ പല വള്ളങ്ങളും കടലിൽ പോയിട്ട് ഒരു കുട്ട മീൻ പോലും കിട്ടാതെ മടങ്ങിവരുന്നുണ്ട്.

ബ്രൂണോ മൂതാക്കര