കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ല. തൃക്കരുവ, പനയം, പെരിനാട്, മയ്യനാട് ഗ്രാമപഞ്ചായത്ത് പരിധികളിലും കോർപ്പറേഷൻ പരിധിയിലുമാണ് പോസിറ്റിവിറ്റി നിരക്ക് താഴാതെ നിൽക്കുന്നത്.
ഇടവഴികളടച്ചും ഗതാഗതം പ്രധാന പാതകളിലൂടെ മാത്രമാക്കിയും നിയന്ത്രണം കടുപ്പിച്ചിട്ടും രോഗ നിരക്ക് കുറയ്ക്കാൻ കഴിയാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അനാവശ്യ യാത്രക്കാർ കൂടുന്നതും ഇളവുകൾ ദുരുപയോഗം ചെയ്യുന്നതും രോഗവ്യാപനം പിടിച്ചുനിറുത്തുന്നതിൽ തടസമാകുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.
കണക്കുകളിൽ വൈരുദ്ധ്യം
പ്രതിദിന രോഗബാധിതരുടെ കണക്കുകളിൽ കൃത്യതയില്ലെന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് വാർ റൂമുകളുടെയും ആരോഗ്യവകുപ്പിന്റെയും കണക്കുകൾ തമ്മിൽ വലിയ അന്തരമാണുള്ളത്. കഴിഞ്ഞ ദിവസം നഗര അതിർത്തിയിലെ ഒരു പഞ്ചായത്ത് പരിധിയിൽ നാൽപ്പതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി വാർ റൂം കണക്കുകൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പകുതി പേർക്ക് പോലും രോഗം ബാധിച്ചിരുന്നില്ല.
അധികൃത വീഴ്ചയെന്ന്
പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. വാക്സിനേഷൻ, പരിശോധനാ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിലും പോസിറ്റിവാകുന്നവരെ കൃത്യമായി വിവരമറിയിക്കുന്നതിലും വീഴ്ചയുണ്ട്. രോഗബാധിതരുടെ ക്വാറന്റൈൻ നിരീക്ഷിക്കുന്നില്ലെന്നും ആരോപണമുണ്ട്.
അന്തിമയങ്ങിയാൽ പരിശോധനയില്ല
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള പഞ്ചായത്തുകളിൽ കൃത്യമായ പട്രോളിംഗോ പരിശോധനയോ നടക്കുന്നില്ലെന്നും ആരോപണമുണ്ട്. പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ പരിശോധനകൾ വൈകിട്ട് 6 മണിയോടെ നിലയ്ക്കുന്നതാണ് പതിവ്. പകൽ മുഴുവൻ ശക്തമായ പരിശോധന നടത്തുകയും വൈകുന്നേരത്തിന് ശേഷം അതില്ലാതാകുകയും ചെയ്യുന്നത് മൂലമാണ് ഫലപ്രാപ്തി ഉണ്ടാകാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.